CrimeNEWS

നോട്ടീസ് അയച്ചത് പച്ച ബുള്ളറ്റിന്, കൈപ്പറ്റിയത് ചുവപ്പ് ബുള്ളറ്റ് ഉടമ; രണ്ടും കെഎല്‍ 03 സി 7433!

പത്തനംതിട്ട: റോഡില്‍ നിയമലംഘനം നടത്തിയ പച്ച നിറത്തിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയച്ച നോട്ടീസ് ലഭിച്ചത് ഇതേ നമ്പരുള്ള ചുവപ്പ് നിറത്തിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക്. നോട്ടീസ് കിട്ടിയതോടെ ഉടമ തന്റെ ബൈക്കുമായി എത്തി. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കും ഉടമയ്ക്കും സംശയം ഉണ്ടായത്. ഹെല്‍മറ്റില്ലാതെ, അസഹ്യമായ ശബ്ദവും പുറപ്പെടുവിച്ച് ഓടിച്ചു എന്നതായിരുന്നു കുറ്റം.

അടൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍നിന്ന് അയച്ച നോട്ടീസുമായി എത്തിയ ചുവന്ന ബുള്ളറ്റുകാരന്‍ അതില്‍ കാണിച്ചിരിക്കുന്ന സമയത്തോ ദിവസമോ ആ വഴി പോയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതോടെ ആശയക്കുഴപ്പമായി. തങ്ങള്‍ കണ്ടത് ചുവന്നതല്ല, പച്ച ബുള്ളറ്റാണെന്ന് അറിയാവുന്ന ആര്‍ടിഒ ഉദ്യോഗസ്ഥരും പറഞ്ഞു. ഇതോടെ പച്ച ബുള്ളറ്റ് തപ്പിയിറങ്ങിവര്‍ക്ക് ഒടുക്കം വാഹനവും ഓടിച്ചയാളെയും കിട്ടി. വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചതും വണ്ടി എങ്ങനെ ലഭിച്ചു എന്നതും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് പച്ച ബുള്ളറ്റ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കൈമാറി. ഇനി പോലീസായിരിക്കും കേസ് അന്വേഷിക്കുക. കാര്യമറിയാതെ നോട്ടീസ് കിട്ടിയ ഉടമ ഭാഗ്യം കൊണ്ട് ഊരിപ്പോകുകയും ചെയ്തു.

കഴിഞ്ഞ നാലിനു രാവിലെ കടമ്പനാട് റോഡില്‍ അടൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍ മനോജ്, പി.കെ അജയന്‍ എന്നിവര്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് കെഎല്‍ 03 സി 7433 നമ്പര്‍ ഉള്ള പച്ച ബുള്ളറ്റില്‍ ഒരാള്‍ ഹെല്‍മറ്റ് വെക്കാതെ പാഞ്ഞു പോകുന്നത് കണ്ടത്. അമിത ശബ്ദത്തിലും വേഗതയിലും ബുള്ളറ്റ് ബൈക്ക് കടന്നുപോകുകയായിരുന്നു. വാഹനം കൈ കാണിച്ചു നിര്‍ത്താനുള്ള സമയം പോലും പരിശോധന നടത്തുന്നവര്‍ക്ക് കിട്ടിയില്ല. എന്നാല്‍, വാഹനത്തിന്റെ ചിത്രം എടുത്തിരുന്നു. ഇത് നോക്കി പിഴയടയ്ക്കാന്‍ വാഹനത്തിന്റെ നമ്പറിലുള്ള വിലാസം കണ്ടുപിടിച്ച് അയച്ചു. ഈ നോട്ടീസ് ലഭിച്ച ഒര്‍ജിനല്‍ ഉടമ ആണ് തന്റെ നിരപരാധിത്വം അറിയിച്ചത്.

ഇതോടെ വ്യാജ വാഹനം തേടിയിറങ്ങിയ ഉദ്യോഗസ്ഥര്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പച്ച നിറത്തിലുള്ള ബുള്ളറ്റ് ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ കഴിഞ്ഞ എട്ടിന് വാഹനം ഓടിച്ചിരുന്ന ആളിന്റെ വീട്ടിലെത്തി. വാഹനം പോര്‍ച്ചില്‍ തന്നെ സൂക്ഷിച്ചിരുന്നു. രണ്ടു വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ നമ്പര്‍ ഒന്നു തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വാങ്ങിയ വാഹനമാണെന്നും രേഖകളൊന്നും കൈയില്‍ ഇല്ലെന്നും അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും ഇത് സംബന്ധിച്ച് വിവരം ഇല്ലായിരുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെങ്കിലും ചേസിസ് നമ്പര്‍ ഒറിജിനലാണെന്ന് എഎംവിഐ പറഞ്ഞു. കേരളത്തിന് പുറത്തുള്ള വണ്ടിയാണ് ഇതെന്ന് കരുതുന്നു. ചേസിസ് നമ്പര്‍ തിരുത്താനുള്ള ശ്രമം നടന്നതായി തോന്നുന്നില്ല. പ്രശ്നമുള്ള വണ്ടിയാണെന്ന് അറിഞ്ഞു കൊണ്ടാണ് ഉടമ ഓടിച്ചിരുന്നത്. അതു കൊണ്ടാണ് വണ്ടി പിടിച്ചെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് കൈമാറിയത്.

അടുത്തിടെ കൈക്കൂലിക്കേസില്‍ പിടിയിലായ തിരുവല്ല നഗരസഭ മുന്‍ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വസതിയില്‍നിന്ന് ഒരേ നമ്പര്‍ പ്ലേറ്റുള്ള രണ്ട് ബൈക്ക് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരെണ്ണം വ്യാജമായതിനാല്‍ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് പുതിയ സംഭവം.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: