Movie

പി. ചന്ദ്രകുമാറിൻ്റെ, മധുനായകനായ ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 44 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

മധു നിർമ്മിച്ച് നായകവേഷത്തിൽ അഭിനയിച്ച ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 മാർച്ച് 16 നാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ‘ഞാൻ ഏകനാണ്’ അടക്കം പി ചന്ദ്രകുമാറിൻ്റെ 6 ചിത്രങ്ങൾ മധു നിർമ്മിച്ചിട്ടുണ്ട്. നടൻ സത്യന്റെ മകൻ സതീഷ് സത്യൻ ആയിരുന്നു ‘ശുദ്ധികലശ’ത്തിലെ വില്ലൻ. ശ്രീവിദ്യ, സീമ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. കഥ, തിരക്കഥ കെ. രാധാകൃഷ്ണൻ.

അച്ഛനെ ചതിച്ചു കൊന്ന അമ്മാവന്മാരോട് പകരം ചോദിക്കാൻ വർഷങ്ങൾക്ക് ശേഷം തറവാട്ടിലേയ്ക്ക് തിരിച്ചു വരുന്ന അനന്തരവന്റെ റോളിലായിരുന്നു മധു. രണ്ടാം വരവിൽ കാണുന്നത് പഴയ കാമുകിയെ (ശ്രീവിദ്യ) സ്വന്തമാക്കിയ ദുഷ്ടനെയാണ്. തറവാട് വീണ്ടെടുത്ത ശേഷം ദുഷ്ടശക്തികളെ പോലീസിൽ ഏൽപ്പിച്ച് ചില മനസുകളെ കൂടി ശുദ്ധീകരിക്കുന്നുണ്ട് മധുവിന്റെ കഥാപാത്രം. മൂത്ത അമ്മാവൻ ഗർഭിണിയാക്കിയ യുവതിയെ ഇളയ അമ്മാവനെക്കൊണ്ട് കല്യാണം കഴിപ്പിച്ച പണ്ടത്തെ കഥയിലുമുണ്ട് ശുദ്ധികലശം. അമ്മാവനുണ്ടായ മകളെ (സീമ അമ്മയായും മകളായും) സ്വീകരിക്കുകയും ചെയ്യുന്നു ക്ളൈമാക്സിൽ ദുഷ്ടശക്തികളെ കൊല്ലാത്ത നായകൻ.

ശ്രീകുമാരൻ തമ്പി-ശ്യാം ടീമിന്റെ ഇമ്പമാർന്ന ഗാനങ്ങളിൽ ‘മൗനരാഗപ്പൈങ്കിളീ’ ഏറെ ജനപ്രിയമായി. ‘ഓർമ്മകളിൽ ഒരു സന്ധ്യയിൽ’ പാടിയത് ജാനകിയോടൊപ്പം എസ് പി ബാലസുബ്രമഹ്ണ്യമാണ്. ജയചന്ദ്രൻ പാടിയ അന്തരംഗം ഒരു ചെന്താമര, ജാനകിയുടെ യൗവ്വനം തന്ന വീണയിൽ പൂത്ത സ്വപ്‌നമേ എന്നീ ഗാനങ്ങളുമുണ്ടായിരുന്നു.
സത്യൻ അന്തിക്കാട് ആയിരുന്നു സഹസംവിധാനം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: