CrimeNEWS

തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ മസാജ് സെന്‍ററും അനാശാസ്യവും; യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ, കോട്ടയം കാണക്കാരി സ്വദേശിയായ പാര്‍ലർ ഉടമ ഒളിവിൽ

തൊടുപുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ച ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാർലറിലാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെൻററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്.

പാർലറിൻറെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിൻറെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്. പൊലീസ് എത്തുമ്പോൾ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാർലറിലുണ്ടായിരുന്നത്. ഇവർ പൊലീസിൻറെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്യൂട്ടി പാർലറിനുള്ള ലൈസൻസ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെൻററായാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ ഉമടയുടെ അറിവോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാർലറിൻറെ ഉടമ. റെയ്ഡിന് പിന്നാലെ സന്തോഷ് കുമാർ ഒളിവിൽ പോയിരിക്കുകയാണ്.

സന്തോഷ് കുമാറിന് ഇത്തരത്തിൽ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരം ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ് തൊടുപുഴ പൊലീസ്. പിടിയിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.

Back to top button
error: