KeralaNEWS

മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭയിൽ വ്യക്തിഹത്യയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നേർക്കുനേരെയുള്ള വാക്കേറ്റം വ്യക്തിപരമായ അധിക്ഷേപമായി

നിയമസഭയിലെ വാക്കേറ്റം വ്യക്തിപരമായ അധിക്ഷേപമായി വളര്‍ന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി മുഹമ്മദ് റിയാസുമാണ് മുഖാമുഖം ഏറ്റുമുട്ടിയത്. നട്ടല്ലില്ലാത്ത പ്രതിപക്ഷം എന്ന മുഹമ്മദ് റിയാസിന്റെ പരാമര്‍ശമാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സ്പീക്കര്‍ക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍ നിന്ന് വിളിച്ചുപറഞ്ഞതിന് പിന്നാലെയാണ് റിയാസ് പ്രതികരിച്ചത്. ‘നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരു’തെന്ന് സ്പീക്കറോടായി റിയാസ് പറഞ്ഞു. ഇതിനു മറുപടിയായി മാനേജ് മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മരുമകന്‍ എന്ന് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു വി.ഡി സതീശന്‍. നിയമസഭയില്‍ കുടുംബ അജന്‍ഡയാണു നടക്കുന്നതെന്നും പി.ആര്‍ വര്‍ക്കുകള്‍ എത്ര നടത്തിയിട്ടും റിയാസിനു സ്പീക്കറെ മറികടക്കാന്‍ കഴിയത്തതിനാല്‍ സ്പീക്കറെ പരിഹാസ്യമാക്കുകയാണെന്നും തുടങ്ങി വി.ഡി സതീശന്‍ അതിരുകൾ ഭേദിച്ചു കത്തിക്കയറി.

ഇത്തരം ആരോപണങ്ങളോടു ശക്തമായാണ് റിയാസ് പ്രതികരിച്ചത്. ബി.ജെ.പിക്ക് കേരള നിയമ സഭയില്‍ എം.എല്‍.എ ഇല്ലാത്തതിന്റെ പോരായ്മ പരിഹരിക്കാനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നതെന്നു റിയാസ് ആരോപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിക്താനുഭവങ്ങളൊന്നുമില്ലാതെ നേതാവായ ആളാണ് വി.ഡി സതീശന്‍. ദീര്‍ഘകാലം എം.എല്‍.എ ആയി എന്നതിനപ്പുറം സമരത്തിന്റെയോ ജയിലിന്റെയോ അനുഭവങ്ങളില്ലാതെ നേതാവായതിന്റെ പ്രശ്‌നങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുന്നതെന്നും റിയാസ് തിരിച്ചടിച്ചു.

പ്രതിപക്ഷ നേതാവിനെ വണങ്ങി നല്ലമന്ത്രി എന്ന അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടി തീരുമാനിച്ചിട്ടു മന്ത്രിയായ തങ്ങള്‍ക്കു പാര്‍ട്ടിക്കെതിരായ ആരോപണം വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. തങ്ങളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടതു ജനങ്ങളാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

Back to top button
error: