ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗോത്രവിഭാഗത്തിൽപ്പെട്ട ബൊമ്മൻ, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നൽകി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാൻമാർക്കും പുരസ്കാരത്തിന്‍റെ സന്തോഷ സൂചകമായി സ്റ്റാലിൻ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.