103 ലും തെരേസ മൂര്‍ ഫുള്‍ ഫിറ്റ്; കണിശക്കാരി മുത്തശ്ശി സോഷ്യല്‍ മീഡിയയിലും ഹിറ്റ്
ശരീരത്തിന്റെ ഫിറ്റ്‌നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മില്‍ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ മുത്തശ്ശി വലിയ പ്രചോദനം തന്നെയായിരിക്കും. കാരണം 103 വയസ്സുണ്ടെങ്കിലും എന്നും മുടങ്ങാതെ ജിമ്മില്‍ പോകുകയും കൃത്യമായി വ്യായമം ചെയ്യുകയും ചെയ്യും ഈ മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ തെരേസ മൂര്‍ എന്ന മുത്തശ്ശിയാണ് ഇത്തരത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
🚨| NEW: California 103-year-old woman still hits gym regularly: ‘Her happy place’‼️👏 pic.twitter.com/EEZQOe21c8
— Pubity (@pubity) March 12, 2023
കൃത്യമായി ജിമ്മില്‍ പോകുകയും വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യന്ന തെരേസ മൂറിന് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവര്‍ ഇപ്പോഴും ഓരോ വര്‍ക്ക് ഔട്ടുകളും ചെയ്യുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തെരേസ മൂര്‍ ജനിച്ചത് ഇറ്റലിയിലാണ്. 1946-ല്‍ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാനുള്ള അവസരം അവള്‍ക്ക് നല്‍കി. ചെറുപ്പം മുതല്‍ തന്നെ വ്യായാമ കാര്യങ്ങളില്‍ തെരേസ കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകള്‍ ഷീല മൂര്‍ പറയുന്നത്. ജിമ്മില്‍ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരുമായി സമയം ചിലവഴിക്കുമ്പോള്‍ മാനസീകാരോഗ്യവും ശാരീരികാരോഗ്യവും ഒരേ സമയം അമ്മയ്ക്ക് കിട്ടുന്നുവെന്നുമാണ് ഷീലയുടെ അഭിപ്രായം.
സന്തോഷവും സംതൃപ്തിയുമുള്ള ജീവിതത്തിന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ ധൈര്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്നാണ് ഈ മുത്തശ്ശി പറയുന്നത്. കൂടാതെ മറ്റുള്ളവരുടെ വാക്കുകളെ ഭയക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി കൂടി ജീവിക്കാന്‍ എല്ലാവരും പഠിക്കണമെന്നും അവര്‍ പറയുന്നു. തെരേസയെ കൂടാതെ അമേരിക്കയില്‍ നിന്നുള്ള ഏണസ്റ്റിന്‍ ഷെപ്പേര്‍ഡും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബോഡി ബില്‍ഡര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്ക് 86 വയസ്സുണ്ട്. എന്നാല്‍ ഇവരുടെ ശരീരം 30 വയസ്സുകാരിയുടേതിന് സമാനമാണ്.