SportsTRENDING

കൊല്‍ക്കത്തയ്ക്ക് കനത്ത നഷ്ടം! അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറം വേദനയെ തുടര്‍ന്ന് അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഏപ്രില്‍ ഒന്നിന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

പരിക്കിനെ തുടര്‍ന്ന് നേരത്തെ താരത്തിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷം പുറംവേദനയുള്ള കാര്യം ശ്രേയസ് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. വീണ്ടും പരിക്കേറ്റതോടെ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സാ മികവ് എത്രത്തോളമെന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കപ്പെടും മുമ്പ് അയ്യരെ കളിപ്പിക്കുകയായിരുന്നോ എന്ന സംശയം ഉയരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാഡമില്‍ ദൈര്‍ഘ്യമേറിയ ചികില്‍സയും പരിശീലനവും പൂര്‍ത്തിയാക്കിയാണ് അയ്യര്‍ ദില്ലി ടെസ്റ്റിനെത്തിയത്. എന്നാല്‍ തിരിച്ചുവരവിലെ മൂന്നാം മത്സരത്തില്‍ തന്നെ സമാന പരിക്ക് അയ്യരെ പിടികൂടിയിരിക്കുന്നു. സമാനമായി ഏറെനാള്‍ എന്‍സിഎയിലുണ്ടായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയേയും തുടര്‍ പരിക്കുകള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഇന്ന് ചേരാനിരിക്കെ ശ്രേയസിന്റെ പകരക്കാരനെ പ്രഖ്യാപിച്ചേക്കും. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് കാണുന്നത്. മാര്‍ച്ച് 17ന് മുംബൈയിലാണ് ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

Back to top button
error: