തിരുവനന്തപുരം: വൈദ്യുതി ബില്ലടക്കാൻ സ്വന്തമായി പണം കണ്ടെത്തി തിരുവനന്തപുരത്തെ കുടുംബശ്രീ കഫേ. അംഗങ്ങളുടെ മാല പണയം വെച്ചും പണം പിരിച്ചും ബിൽ തുക അടച്ചു. എട്ട് ദിവസത്തെ ഇടവേളക്ക് ശേഷം കഫേ തുറന്നു. സബ്ഡിഡി തുക എന്ന് നൽകുമെന്നതിൽ സർക്കാർ ഇപ്പോഴും വ്യക്തത നൽകിയിട്ടില്ല. 13000 രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് കുടുംബശ്രീ ഹോട്ടലിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ഈ പണം അടക്കാൻ നിവൃത്തിയില്ലാത്തതിനാൽ എട്ട് ദിവസമാണ് തിരുവനന്തപുരത്തെ പ്രധാനപ്പെട്ട കുടുംബശ്രീ ഹോട്ടൽ അടഞ്ഞുകിടന്നത്. ഒടുവിൽ സ്വന്തമായി കണ്ടെത്തിയ പണം ഉപയോഗിച്ചാണ് ഇവർ വൈദ്യുതി ബില്ലടച്ചത്.
കൂട്ടത്തിലൊരാളുടെ അമ്മയുടെ മാല പണയം വെച്ചാണ് ഇവർ അടക്കാനുള്ള പണം കണ്ടെത്തിയത്. അത് കൂടാതെ അംഗങ്ങളിൽ നിന്നും പണം പിരിച്ചു. ശനിയാഴ്ചയാണ് പണം അടച്ചത്. ”സർക്കാരിന്റെ സബ്സിഡി 13, 20,000 ത്തിലധികം രൂപ കിട്ടാനുണ്ട്. എത്രകാലം മുന്നോട്ട് പോകുമെന്ന് അറിയില്ല. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ തന്നെങ്കിലും വലിയ ഉപകാരമായിരുന്നു. ഇത് നമ്മൾ പലിശക്കെടുത്ത് ഓരോ കാര്യങ്ങൾ ചെയ്യും. ഇവർ ഒരുമിച്ച് തരുമ്പോൾ പലിശ കൊടുക്കാനേ ഉള്ളൂ.” കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.