ബെംഗ്ലൂരു: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി പറയുന്നു.
2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോന്‍ട ഇന്‍ഫ്രാടെക് പ്രതികരിച്ചു. തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോന്‍ട ഇന്‍ഫ്രാടെക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.