Movie

റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രം, ജോൺപോൾ രചനയും മോഹൻ സംവിധാനവും നിർവ്വഹിച്ച ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം

സിനിമ ഓർമ്മ

ജോൺപോൾ- മോഹൻ കൂട്ടുകെട്ടിലെ ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 42 വർഷം. 1981 മാർച്ച് 11 നാണ് സോമൻ, സുകുമാരൻ, ശ്രീവിദ്യ, റാണി പത്മിനി തുടങ്ങിയവരഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രമാണിത്. നടൻ സായ്‌കുമാറും ചെറിയൊരു വേഷം ചെയ്‌തു. നിർമ്മാണം എ രഘുനാഥ്.

സോമൻ, ശ്രീവിദ്യ ദമ്പതികളുടെ മകൾ റാണി പത്മിനി, മകൻ സായ്‌കുമാർ. ഭാര്യ മരിച്ചു പോയ സുകുമാരൻ (സോമന്റെ സഹപ്രവർത്തകനാണയാൾ) അവരുടെ കുടുംബ സുഹൃത്താവുന്നു. അവരൊന്നിച്ച് ടൂർ പോയ രാത്രിയിൽ അമ്മയോടൊപ്പം അങ്കിളിനെ സംശയകരമായ നിലയിൽ മകൾ കാണുന്നു. മൂവർക്കും ഷോക്കായി ആ സംഭവം. ‘ഡാഡിയോട് പറയരുത്’ എന്ന ഭീഷണി അവൾ വക വയ്ക്കാതായപ്പോൾ അങ്കിൾ അവളെ നശിപ്പിക്കുന്നു. അമ്മ ആത്മഹത്യ ചെയ്‌തു. അങ്കിൾ രോഗിയായി മരിച്ചു. കുടുംബജീവിതത്തിൽ സംഭവിച്ച ഒരു തെറ്റ് പരിഹാരമില്ലാത്ത വലിയൊരു ദുരന്തമായി മാറുന്നു.

എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ ഗാനങ്ങളിൽ ‘നിറങ്ങൾ’, ‘പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ’ ലത രാജു പാടി. ‘താരണിക്കുന്നുകൾ’ പാടിയത് ഷെറിൻ പീറ്റേഴ്‌സ്.
ലത രാജുവാണ് റാണി പത്മിനിക്ക് ശബ്‌ദം നൽകിയത്. ഇതേ വർഷം റാണി പത്മിനിയുടേതായി 6 മലയാള ചിത്രങ്ങൾ പുറത്തിറങ്ങി. 1986 ൽ വീട്ടിലെ അംഗരക്ഷകരാൽ കൊല്ലപ്പെടുകയായിരുന്നു നടി.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: