കന്യാകുമാരിയില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ച മൂന്നു ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ശശി(47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേല്പുറം സ്വദേശിനി കല (35)ആണ് മർദ്ദനത്തിനിരയായത്.
ഈ മാസം എട്ടിന് കന്യാകുമാരി അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച കല മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ്. മേല്പുറം ജംഗ്ഷന്‍ വഴി നടന്ന് പോകുമ്പോള്‍ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലുള്ള ഡ്രൈവര്‍മാര്‍ അവരെക്കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇത് സഹിക്കാന്‍ വയ്യാതെ കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കല മുളകുപൊടി പൊതിഞ്ഞ് കയ്യില്‍ സൂക്ഷിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അശ്ലീലം പറഞ്ഞപ്പോള്‍ സ്ത്രീ കയ്യില്‍ കരുതിയിരുന്ന മുളക് പൊടി വിതറി. ഇതില്‍ പ്രകോപിതരായാണ് ഇവര്‍ അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗുണ്ട ദിപിന്‍, അരവിന്ദ് എന്നിവരെ പൊലീസ് തിരയുന്നു.