Fiction

പരമാർത്ഥത്തെ അറിഞ്ഞീടാതെ പരിഹാസത്തെ നടത്തീടരുത്

വെളിച്ചം

  ആ വീട്ടില്‍ ഒരു വിധവയും രണ്ടു കുട്ടികളുമാണ് താമസിച്ചിരുന്നത്. ഗ്രാമാതിര്‍ത്തിയിലുള്ള ഒരു ചെറിയ വീടായിരുന്നു അത്. അവര്‍ വീടിനു പുറത്ത് അധികം ഇറങ്ങാറില്ല. അവരുടെ മക്കളാകട്ടെ മിക്ക ദിവസവും പുറത്ത് കളിക്കുകയും അടുത്ത വീടുകളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഒരു അമ്മ എന്ന നിലയില്‍ മക്കളെ നന്നായി നോക്കാത്ത സ്ത്രീ എന്ന പേര്ദോഷം മക്കളുടെ ഈ പ്രവർത്തികൾ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തു. കൂടാതെ, മിക്ക ദിവസവും അവിടേക്ക് മൂന്ന് പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. മററുള്ളവരുമായി അധികം ഇടപെഴകാത്തതുകൊണ്ടു തന്നെ അവരെ കുറിച്ച് ധാരാളം കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അവരുടെ സ്വഭാവത്തെ പോലും പലരും ചോദ്യം ചെയ്തു.

ഒരു ദിവസം അവര്‍ പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. ആ കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. കുറച്ചധികം നേരം അവര്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ അവര്‍ക്ക് ബോധക്ഷയമുണ്ടായി. കടയുടെ വരാന്തയില്‍ അവര്‍ വീണു. അവിടെ കൂടി നിന്നവര്‍ അവരെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രിയില്‍ അവരെ പരിചരിക്കാന്‍ മക്കളും സ്ഥിരം വരാറുള്ള മൂന്നുപുരുഷന്മാരില്‍ ഒരാളുമുണ്ടായിരുന്നു. അപ്പോഴാണ് ആ നാട്ടുകാര്‍ അവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. അവര്‍ക്ക് ക്യാന്‍സര്‍ ആണെന്നും രോഗം അല്‍പം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആണെന്നും ആളുകൾ മനസിലാക്കി. വേദന രൂക്ഷമാകുന്ന അവസരങ്ങളില്‍ അവര്‍ മക്കളെ പുറത്ത് കളിക്കാന്‍ വിടും. തന്റെ ദുഃസ്ഥിതി കണ്ട് മക്കള്‍ അസ്വസ്ഥരാകാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. അവിടെ കൂടെക്കൂടെ വന്നിരുന്ന മൂന്നു പുരുഷന്‍മാരില്‍ ഒരാള്‍ അവരെ ചികിത്സിക്കുന്ന ഡോക്ടറും, രണ്ടാമന്‍ അവരുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന വ്യക്തിയും മൂന്നാമന്‍ അവരുട ഭര്‍ത്താവിന്റെ സഹോദരനുമായിരുന്നു. ആ സഹോദരന്‍ അവരുടെയും മക്കളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ പഠനത്തില്‍. ഇതൊന്നുമറിയാതെയാണ് നാട്ടുകാര്‍ അപഖ്യാതികൾ പ്രചരിപ്പിച്ചതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതും.

ബാഹ്യമായ കാഴ്ചകള്‍ പലപ്പോഴും ശരിയാകണമെന്നില്ല. ആന്തരികമായ ഉള്‍ക്കാഴ്ചയില്ലെങ്കില്‍ പല നിഗമനങ്ങളും തെറ്റാം. ഉപരിപ്ലവമായ നിഗമനങ്ങള്‍ ഉപേക്ഷിക്കൂ. യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വിശാലമായ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കൂ.
ശുഭദിനം നേരുന്നു

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: