വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി: വിജയ് ബാബു
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നിറയുന്നതിനിടെ നടനും നിർമാതാവുമായ വിജയ് ബോബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പരിഹസിച്ചും അല്ലാതെയുമുള്ള കമന്റുകളുമായി രംഗത്തെത്തുന്നത്.
‘എല്ലാ പഞ്ചായത്തിലും ഇതൊക്കെ തന്നെ അവസ്ഥ, പുക ശ്വസിക്കാൻ ഉള്ള കരാർ നാട്ടുകാർക്കും, കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാ, നമ്മുടെ നാട്ടിൽ ഇനി അത്യാവശ്യം വേണ്ടത് പ്രോപ്പർ ആയിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമാണ്… അതില്ലാത്ത കാലത്തോളം എന്ത് വലിയ മെട്രോ സിറ്റി ഉണ്ടാക്കി വെച്ചിട്ടും കാര്യമില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ബ്രഹ്മപുരത്തെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ സംസ്കരിക്കും. ജൈവമാലിന്യ സംസ്കരണത്തിനുള്ള വിൻഡ്രോ കന്പോസ്റ്റിംഗ് സംവിധാനത്തിൻറെ തകരാർ ഉടൻ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം മേയറും കളക്ടറും ഉൾപ്പെട്ട സമിതിയ്ക്ക് ആണ്. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. വിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേറ്റു.