LIFEMovie

പതറാതേ ‘പഠാന്‍’… ആറാമത്തെ ബുധനാഴ്ചയും ഭേദപ്പെട്ട കളക്ഷന്‍

ഹിന്ദി സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ ഏഴാം വാരത്തിലും തിയറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം.

ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ള ഇന്ത്യന്‍ കളക്ഷന്‍ 537.49 കോടി ആണെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Back to top button
error: