കെ.സുരേന്ദ്രൻ രചിച്ച് രാമു കാര്യാട്ട് സംവിധാനം നിർവ്വഹിച്ച ‘മായ’ പിറന്നിട്ട് ഇന്ന് 51 വർഷം
സിനിമ ഓർമ്മ
കെ സുരേന്ദ്രൻ-രാമു കാര്യാട്ട് കൂട്ടുകെട്ടിൽ പിറന്ന ‘മായ’യ്ക്ക് 51 വയസ്സ്. 1972 മാർച്ച് 9 നാണ് ജയ് മാരുതിയുടെ ബാനറിൽ ടി.ഇ വാസുദേവൻ നിർമ്മിച്ച് പ്രേംനസർ, തിക്കുറിശ്ശി, ഉമ്മർ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌ത ‘മായ’ പ്രദർശനത്തിനെത്തിയത്. കെ സുരേന്ദ്രന്റെ കഥകളാണ് കാട്ടുകുരങ്ങ്, ദേവി, സ്വപ്‌നം എന്നീ ചിത്രങ്ങൾക്ക് പിന്നിൽ. ചെമ്മീൻ, ഏഴ് രാത്രികൾ, അഭയം എന്നീ ചിത്രങ്ങൾക്ക് ശേഷം രാമു കാര്യാട്ട് സംവിധാനം ചെയ്‌ത ചിത്രമാണ് ‘മായ.’ സംവിധാന സഹായി കെ.ജി ജോർജ്ജ്. കാമറ- ബാലു മഹേന്ദ്ര. സംഗീതം- ദക്ഷിണാമൂർത്തി. സഹായി- ആർ.കെ ശേഖർ. ശ്രീകുമാരൻ തമ്പിയുടെ 6 ഗാനങ്ങളിൽ ‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം,’ ‘ചെന്തെങ്ങ് കുലച്ച പോലെ,’ ‘ധനുമാസത്തിലെ തിരുവാതിര’ ഇവ വൻ ഹിറ്റുകളായി.
ഒറ്റവില, രൊക്കവില ഇടപാടിൽ കട നടത്തുന്ന തിക്കുറിശ്ശി. മകൾ ശാരദ. കാമുകൻ നസീർ. പക്ഷെ കാശുകാരൻ കെപി ഉമ്മറെ കണ്ടപ്പോൾ മകളുടെ പ്രേമത്തിന് പുല്ലുവില കല്പിച്ച് ഉമ്മർ-ശാരദ കല്യാണമങ്ങ് നടത്തി തിക്കുറിശ്ശി. ചില ബിസിനസ്സ് ഡെവലപ്മെന്റ് പ്ളാൻ ഒക്കെ ഉണ്ടായിരുന്നല്ലോ തിക്കുറിശ്ശിക്ക്. അത് നടന്നില്ല. തിക്കുറിശ്ശി വീടും സ്ഥലവും ഭാഗം വച്ചു. കടയിരിക്കുന്ന സ്ഥലം മകൾ ശാരദയ്ക്ക്. അധികം താമസിയാതെ മകൾ ഒരു കാര്യം പറഞ്ഞു. ‘കടയിൽ നിന്നിറങ്ങിത്തരണം!’ ഭർത്താവിന്റെയും അമ്മായിഅച്ഛന്റേയും വാക്ക് കേട്ട് പറഞ്ഞതാണ് പാവം. ഗത്യന്തരമില്ലാതെ തിക്കുറിശ്ശി കടയിൽ നിന്നിറങ്ങി. ശേഷിക്കുന്ന നന്മമരം നസീറാണ് (നോക്കണം. കാശുകാരൻ ഉമ്മറെ തിക്കുറിശ്ശിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് നസീറാണ്. ആ നസീറിനെയാണ് പുറത്തിരുത്തി അയാളുടെ കരള് പറിച്ച് ഉമ്മറിന് കൊടുത്തത്. ആ ഉമ്മർ ചതിച്ചപ്പോൾ പഴയ നസീറിന്റെ അടുത്ത് പോവേണ്ടി വന്നു തിക്കുറിശ്ശിക്ക്). ജീവിതത്തിന്റെ ആയം മുന്നോട്ടാണെന്നും, നമ്മുടെ മക്കൾ അവരുടെ മക്കളെയാണ് സ്നേഹിക്കുന്നതെന്നും നസീർ പറഞ്ഞു കൊടുക്കുന്നു. തിക്കുറിശ്ശി ജീവിതമവസാനിപ്പിച്ചു. പിന്നെ നമ്മൾ കാണുന്നത് കട കത്തുന്നതാണ്. ‘എന്റെ അച്ഛന്റെ ശരീരമാണ് ഈ കട’ എന്ന് പറഞ്ഞുകൊണ്ട് കോപത്താൽ ജ്വലിച്ച് നിൽക്കുന്ന ശാരദയെയും കാണാം. ജീവിതം എന്തൊരു മായ…!
സമ്പാദകൻ: സുനിൽ കെ ചെറിയാൻ