Movie

ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ: ഓസ്‌കര്‍ കമ്മിറ്റി അംഗമായ ആദ്യ ദക്ഷിണേന്‍ഡ്യന്‍ നടൻ എന്ന നേട്ടം സ്വന്തമാക്കി താരം

   ചെന്നൈ:  ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വോട്ട് ചെയ്ത സ്‌ക്രീന്‍ ഷോട്ടും താരം ട്വിറ്ററില്‍ പങ്കുവെച്ചു. ഓസ്‌കര്‍ കമ്മിറ്റി അംഗമായി 2022ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൂര്യക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലാണ് താരം ഇടം നേടിയത്. ഇതോടെ ഓസ്‌കര്‍ കമിറ്റി അംഗമായ ആദ്യ ദക്ഷിണേന്ത്യന്‍ നടൻ എന്ന നേട്ടവും സൂര്യ സ്വന്തമാക്കി.

 ബോളിവുഡ് നടി കാജോള്‍, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘റൈറ്റിങ് വിത് ഫയര്‍’ ഡോകുമെന്ററി സംവിധായകരായ മലയാളി റിന്റു തോമസ്, സുഷ്മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കാഗ്ഡി, ആദിത്യ സൂദ് തുടങ്ങിയവരും കമിറ്റിയിലെ ഇന്‍ഡ്യന്‍ അംഗങ്ങളാണ്.

സൂര്യ കേന്ദ്ര കഥാപാത്രമായ ‘സൂററൈ പോട്ര്,’ ‘ജയ് ഭീം’ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘സൂററൈ പോട്ര്’ 2021ലെ ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടുകയും ‘ജയ് ഭീം’ ഓസ്‌കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

എ ആര്‍ റഹ്‌മാന്‍, അമിതാബ് ബചന്‍, ശാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, വിദ്യാ ബാലന്‍, അലി അഫ്സല്‍, നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോങ്ക, എക്ത കപൂര്‍, ശോഭ കപൂര്‍ എന്നിവരാണ് നേരത്തെ അക്കാദമി അംഗങ്ങളായ ഇന്‍ഡ്യക്കാര്‍.

മാര്‍ച് 12ന് ലോസ് ഏന്‍ജല്‍സ് ഡോള്‍ബി തിയറ്ററിലാണ് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ആര്‍ ആര്‍ ആര്‍’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന പാട്ട് ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: