Social MediaTRENDING

‘ധൈര്യപൂര്‍വ്വം ആ നിലപാടിനൊപ്പം’; ഷുക്കൂര്‍ വക്കീലിന്‍റെ ‘രണ്ടാം വിവാഹ’ത്തിന് ആശംസയുമായി റസൂല്‍ പൂക്കുട്ടി

സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനര്‍വിവാഹം ന‌ടത്തുന്ന നടനും അഭിഭാഷകനുമായ പി ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ആളാണ് ഷുക്കൂറെന്നും വിവാഹത്തില്‍ നേരില്‍ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനന്തരാവകാശികളായി പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മുസ്‍ലിം വ്യക്തി നിയമ പ്രകാരം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ അവര്‍ക്ക് ലഭിക്കൂവെന്നും അതിനെ മറികടക്കാനാണ് ഭാര്യയെ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുന്നതെന്നുമാണ് ഷുക്കൂര്‍ വക്കീല്‍ എന്ന് അറിയപ്പെടുന്ന അഡ്വ. പി ഷുക്കൂര്‍ പറഞ്ഞിരിക്കുന്നത്. മൂന്ന് പെണ്‍മക്കളാണ് അദ്ദേഹത്തിന്. ഭാര്യ ഷീന ഷുക്കൂര്‍ മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എം ജി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ്. അന്തര്‍ദേശീയ വനിതാ ദിനമായ ഇന്നാണ് ഇരുവരും സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമുള്ള തങ്ങളുടെ വിവാഹത്തിന് തെരഞ്‍ഞെടുത്തിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ്

ഷുക്കൂര്‍ വക്കീല്‍ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ കാണാനാവും. ഒരു അഭിഭാഷകന്‍റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തില് നിന്ന് അറിയാനാവും. പിന്നീട് ഞാന്‍ സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്‍റെ ലാളിത്യം കൊണ്ടും അദ്ദേഹം എന്നെ അമ്പരപ്പിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല അദ്ദേഹം. ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറല്‍ മുസ്‍ലിമിന്‍റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്‍റെ ‘രണ്ടാം വിവാഹ’ത്തില്‍ എനിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്, ധൈര്യപൂര്‍വ്വമുള്ള ആ നിലപാടിനൊപ്പവും. താങ്കള്‍ക്കും താങ്കള്‍ ‘പുതുതായി വിവാഹം കഴിച്ച’ ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: