Social MediaTRENDING

”സ്ത്രീകളെ ഇത്രമാത്രം സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകള്‍ പുല്ലു പോലെ ചെയ്ത കാര്യമാണിത്”

”ഇതൊക്കെ ഇത്ര വലിയ കാര്യമാണോ? പണ്ടു കാലത്ത് എത്ര സ്ത്രീകള്‍ പുല്ലുപോലെ ചെയ്ത കാര്യമാണിത്?” പ്രസവത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമെല്ലാം നിരന്തരം എഴുതുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള ഈ ചോദ്യങ്ങള്‍ക്ക് വനിതാ ദിനത്തില്‍ മറുപടി നല്‍കുകയാണ്, നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. അരിയിടിച്ചു കൊണ്ട് നിന്നപ്പോള്‍ പ്രസവവേദന വന്നു പുല്ലുപോലെ പോയി പ്രസവിച്ചു വന്ന അമ്മൂമ്മമാരുടെ കാര്യവും, ആര്‍ത്തവം ഒരു പ്രശ്നവും ഇല്ലാതിരുന്ന ന്യൂനപക്ഷത്തിന്റെയും കഥ പറഞ്ഞുകൊണ്ടിരിക്കുന്നത് ചരിത്രത്തിനു വെളിയില്‍ കഷ്ടപ്പെട്ട ഭൂരിപക്ഷത്തെ അപമാനിക്കലാണെന്ന് നസീര്‍ ഹുസൈന്‍ കുറിപ്പില്‍ പറയുന്നു. കുറിപ്പു വായിക്കാം

”നിങ്ങളെപ്പോള്‍ നോക്കിയാലും പ്രസവത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇത്രമാത്രം സ്ത്രീകളെ സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകള്‍ പുല്ലു പോലെ കൈകാര്യം ചെയ്ത കാര്യമാണിത്? നമ്മുടെ അമ്മൂമ്മമാര്‍ക്കും ആര്‍ത്തവവും പ്രസവവും എല്ലാമുണ്ടായിരുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് എന്താണിത്ര പ്രത്യകത?”
ഞാന്‍ മുന്‍പ് മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് എഴുതിയപ്പോള്‍ ഒരു സ്ത്രീ തന്നെ വന്ന് അതില്‍ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി.
‘ആദ്യമായി ആര്‍ത്തവം വന്ന ദിവസം ഞാന്‍ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെന്‍സ്ട്രൂവല്‍ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല, പകരം പഞ്ഞിയും പഴയ തുണികളും ആണുപയോഗിച്ചിരുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ പഴയ തുണികളുടെ അകത്ത് പഞ്ഞി വച്ച് കൊണ്ടുപോകും പലപ്പോഴും സ്‌കൂളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ലീക്ക് ആയി തുടങ്ങും, ബാത്റൂമില്‍ പോയി കഴുകി നനഞ്ഞ തുണി വച്ചിട്ട് ക്ലാസ്സില്‍ ഇരുന്നാല്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ല. ഹാഫ് സാരി കൊണ്ട് മറച്ചൊക്കെയാണ് വീട്ടിലേക്ക് തിരിച്ചു പോയിരുന്നത്. ഭാഗ്യത്തിന് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് പഠിച്ചത്.

ആണ്‍കുട്ടികളുടെ കൂടെ ഇതുപോലെ പഠിക്കുന്ന കുട്ടികളുടെ കാര്യം ആലോചിക്കാനേ വയ്യ. 1990 കളിലാണ് ഇന്ത്യയില്‍ പാഡുകള്‍ ഒക്കെ കിട്ടിത്തുടങ്ങുന്നത്. വീട്ടില്‍ തന്നെ ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയില്‍ ഒറ്റക്ക് പേടിച്ച് വിറച്ച് കിടക്കേണ്ടി വരുമായിരുന്നു’ : ആര്‍ത്തവ അനുഭവത്തെ കുറിച്ച് എന്റെ ഭാര്യ പറഞ്ഞതാണ്.

ചരിത്രത്തിന്റെ ഒരു പ്രശ്നം അത് പലപ്പോഴും രാജാക്കന്മാരുടെയും റാണിമാരുടെയും യുദ്ധങ്ങളുടെയും ചരിത്രമാണ് പലപ്പോഴും എഴുതുന്നത് എന്നതാണ്. ഇന്ത്യയില്‍ ഡി ഡി കൊസാംബിയൊക്കെ എഴുതിത്തുടങ്ങിയതിന് ശേഷമാണു രാജാക്കന്‍മാര്‍ അല്ലാത്ത സാധാരണക്കാര്‍ നമ്മുടെ നാട്ടില്‍ എങ്ങിനെ ജീവിച്ചു എന്ന് ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. അരി ഇടിച്ചു കൊണ്ട് നിന്നപ്പോള്‍ പ്രസവവേദന വന്നിട്ട് പോയി പ്രസവിച്ചു വന്ന കഥകള്‍ കേള്‍ക്കാന്‍ സുഖമുണ്ട് എന്ന് മാത്രമേ ഉള്ളൂ, യാതാര്‍ഥ്യം വളരെ അകലെയായിരുന്നു.

1990 കളില്‍ പോലും ഒരു ലക്ഷം പ്രസവങ്ങളില്‍ ഇന്ത്യയില്‍ മരിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 500 ല്‍ കൂടുതലായിരുന്നു. അപ്പോള്‍ പണ്ടത്തെ കാര്യം പറയാനുണ്ടോ? പത്തു കുട്ടികളെ പ്രസവിച്ചാല്‍ മൂന്നെണ്ണത്തിനെ ജീവനോടെ കിട്ടിയാല്‍ തന്നെ വലിയ കാര്യമായിരുന്നു. ഇന്ന് കേരളത്തില്‍ ഇങ്ങിനെ മരിക്കുന്ന സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തിന് അന്‍പതില്‍ താഴെയാണ് എന്നറിയുമ്പോഴാണ് എത്ര അമ്മമാരാണ് പ്രസവിക്കാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയുക.
ആര്‍ത്തവത്തിന്റെ കാര്യത്തിന്റെയും ഇതുതന്നെയാണ് കഥ.

രാജകൊട്ടാരത്തിലെ ശീതളിമയിലും, ആര്‍ത്തവം വന്നാല്‍ മൂന്നോ നാലോ ദിവസം മാറിത്താമസിക്കാന്‍ സൗകര്യമുള്ള ‘ഉയര്‍ന്ന’ ജാതിക്കാരുടെ വീടുകളിലോ ഉള്ള കഥകളാണ് നമ്മള്‍ പലപ്പോഴും കേള്‍ക്കുന്നത്, പക്ഷെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും പാടത്ത് പണിയെടുക്കാന്‍ പോയില്ലെങ്കില്‍ അടുക്കളയില്‍ തീ ഏരിയാത്ത വീടുകളില്‍ നിന്നുള്ളവരായിരുന്നു. അവര്‍ പാഡ് ഒന്നും ഇല്ലാത്ത കാലത്ത് ആര്‍ത്തവ ദിവസങ്ങളില്‍ അവര്‍ എങ്ങിനെ ജോലിക്കു പോയിരുന്നു എന്നോ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ വീട്ടില്‍ എങ്ങിനെ ഭക്ഷണം കിട്ടിയിരുന്നു എന്നൊന്നും ഒരു ചരിത്ര പുസ്തകാലത്തിലും കാണില്ല. അവരൊക്കെ എന്ത് ചെയ്തിരിക്കും, എങ്ങിനെ ജീവിച്ചിരിക്കും എന്നൊക്കെ ആലോചിക്കാന്‍ തന്നെ വയ്യ.

മാത്രമല്ല പണ്ട് കാലത്ത് അമ്മമാര്‍ പത്ത് കുട്ടികളെ പ്രസവിക്കുകയും മുലയൂട്ടുകയും വീണ്ടും ഗര്‍ഭം ധരിക്കുകയും ചെയ്യുന്നതിന്റെ ഇടവേളകകള്‍ കുറവായിരുന്നു. നാലോ അഞ്ചോ വര്‍ഷം നീളുന്ന മുലയൂട്ടല്‍ കാലത്ത് ശരീരം പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ട് ആര്‍ത്തവം ഉണ്ടാകില്ല . ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങല്‍ വ്യാപകം ആവുകയും , ആധുനിക വൈദ്യ സഹായത്തോടെ അമ്മയുടെയും കുഞ്ഞിന്റെയും മരണനിരക്ക് കുറയുകയും ചെയ്തപ്പോള്‍ ആണ് ഇന്ന് കാണുന്ന അത്ര ആര്‍ത്തവം സ്ത്രീകള്‍ക്ക് മാനേജ് ചെയ്യേണ്ടി വന്നത്.

അത്കൊണ്ട് അരിയിടിച്ചു കൊണ്ട് നിന്നപ്പോള്‍ പ്രസവവേദന വന്നു പുല്ലുപോലെ പോയി പ്രസവിച്ചു വന്ന അമ്മൂമ്മമാരുടെ കാര്യവും, ആര്‍ത്തവം ഒരു പ്രശ്നവും ഇല്ലാതിരുന്ന ന്യൂനപക്ഷത്തിന്റെയും കഥ പറഞ്ഞ് ചരിത്രത്തിനു വെളിയില്‍ കഷ്ടപ്പെട്ട ഭൂരിപക്ഷത്തെ അപമാനിക്കരുത്. ബെന്യാമിന്‍ എഴുതിയപോലെ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. അതുപോലെതന്നെ ആര്‍ത്തവത്തിന് മുന്‍പ് സ്ത്രീ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെ കുറിക്കുന്ന PMS (Premenstruals yndrome) എന്ന അവസ്ഥ എല്ലാ പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് , വീട്ടില്‍ കയറി വന്ന് തങ്ങള്‍ക്ക് വേണ്ട ഭക്ഷണം എവിടെ എന്ന് ചോദിക്കുന്നതിന് മുന്‍പ് തന്റെ പങ്കാളിയോ അമ്മയോ ജങട കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയില്‍ ആണോ എന്ന് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് പങ്കാളികളും ആയി താമസിക്കുന്ന എല്ലാ പുരുഷന്മാരും പങ്കാളിയുടെ ആര്‍ത്തവ കലണ്ടര്‍ കണക്കാക്കുന്ന flow പോലുള്ള ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് പറയുന്നത്.

ആര്‍ത്തവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും പുതിയ വിപ്ലവം menstrual cup ആണെന്ന് പങ്കാളിയുടെ അനുഭവത്തില്‍ നിന്ന് എനിക്ക് തോന്നുന്നു. ഇതുവായിക്കുന്ന സ്ത്രീകള്‍ മടികൊണ്ട് അല്ലെങ്കില്‍ ഇത് ശരിയാകുമോ എന്നുള്ള സംശയങ്ങള്‍ കൊണ്ട് ഇതുവരെ മെന്‍സ്ട്രുവല്‍ കപ്പ്‌ ്രൈട ചെയ്തിട്ടില്ലെങ്കില്‍ ഈ വനിതാ ദിനത്തില്‍ തന്നെ ഒരെണ്ണം വാങ്ങൂ. ഇത് വച്ച് സ്വിമ്മിങ് പൂളില്‍ വരെ പോകാം. അത്ര സുരക്ഷിതം ആണ്. പാഡ് വച്ച് നടക്കുന്നത് പോലെ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഇല്ല. പല വലിപ്പം ഉള്ളവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എങ്ങിനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ധാരാളം യൂട്യൂബ് വീഡിയോകള്‍ ലഭ്യമാണ്. ഒന്ന് രണ്ട് തവണ കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ഇത് വളരെ ഈസി ആയി എളുപ്പം ആയി അനുഭവപ്പെടും.

എല്ലാ ദിവസവും സ്ത്രീകളുടെ ദിവസം ആയത് കൊണ്ട് പ്രത്യേക ആശംസകള്‍ ഇല്ല…

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: