ഇടുക്കി: മൂന്നാര്‍ വട്ടവടയില്‍ വളര്‍ത്തുനായ ചത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വകാര്യ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു. റിസോര്‍ട്ട് ഉടമയ്ക്കും നാട്ടുകാരനും പരുക്കേറ്റു. റിസോര്‍ട്ട് ഉടമ കോട്ടയം ചിങ്ങവനം സ്വദേശി വാസുദേവന്‍ (70), വട്ടവട കോവിലൂര്‍ സ്വദേശി അരുവിരാജ് (29) എന്നിവരാണ് പരുക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിലുള്ളത്.
കഴിഞ്ഞദിവസമാണ് അരുവിരാജിന്റെ വളര്‍ത്തുനായ ചത്തത്. ഇതിനെ വാസുദേവന്‍ കൊന്നതാണെന്ന് ആരോപിച്ച് അരുവിരാജ് ഉള്‍പ്പെടെ എട്ടുപേര്‍ റിസോര്‍ട്ടിലെത്തി. തുടര്‍ന്നാണ് സംഘര്‍ഷമായത്. ഇവര്‍ പിന്നീട് കൂടുതല്‍ ആളുകളുമായെത്തി ഞായറാഴ്ച രാത്രിയിലാണ് റിസോര്‍ട്ട് തകര്‍ത്തത്.
എന്നാല്‍, റിസോര്‍ട്ടിനുമുന്‍പില്‍ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ചിലര്‍ചേര്‍ന്ന് സ്ഥാപനം തല്ലിത്തകര്‍ത്തതെന്ന് ഉടമ പറഞ്ഞു. വളര്‍ത്തുനായ ചത്തത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തങ്ങളെ റിസോര്‍ട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ഉടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് അരുവിരാജ് പറയുന്നത്. ഇരുകൂട്ടരുടെയും പരാതികളില്‍ ദേവികുളം പോലീസ് കേസെടുത്തു.