Health

പപ്പായക്ക് ഗുണങ്ങൾ ആയിരം, പക്ഷേ ഗർഭിണികൾ കഴിക്കുന്നത് അപകടകരം

ഡോ.വേണു തോന്നയ്ക്കൽ

ദഹന വൈഷമ്യവും അതേത്തുടർന്ന് ഉണ്ടാവുന്ന വിശപ്പില്ലായ്മയും മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നമാണ്. പാർട്ടികളിൽ പങ്കെടുത്തു വരുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്.
അക്കഥയോർത്ത് ഇനി വിഷമം വേണ്ട. പപ്പായയുടെ പഴമോ പപ്പായ കറി ഉണ്ടാക്കി കഴിക്കുകയോ ചെയ്താൽ രോഗശമനമുണ്ടാകും.
പപ്പായ ഒരു ദഹന സഹായിയാണ്. അത് വിശപ്പ് മെച്ചപ്പെടുത്തുന്നു. ആമാശയ വ്രണം, മലബന്ധം തുടങ്ങിയ ഉദര പ്രശ്നങ്ങൾക്കും ഏറെ ഫലപ്രദം.

കുട്ടിക്ക് വിശപ്പില്ലായ്മയോ വിരശല്യമോ ഉണ്ടോ…? ഉണ്ടെങ്കിൽ തീർച്ചയായും പപ്പായ നൽകുക. പപ്പായയിലെ പാപേയ്‌ൻ (papain) എന്ന ഒരു ജൈവരാസ സംയുക്തമാണ് ഈ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സഹായി. പാപേയ്ൻ പ്രകൃതിദത്തമായ ഒരു ദഹന രസമാണ്.
പപ്പായ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതുപോലെ കാൻസർ രോഗങ്ങളെയും ഒരു പരിധിവരെ അതിജീവിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് പപ്പായപ്പഴം കഴിക്കാം. എന്നാൽ അധികമാവരുത്.

ഇത് വളരെ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. ജീവകം ബി കോംപ്ലക്സ് , ജീവകം സി, ജീവകം ഈ, ജീവികം കെ, ആൻറിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇത് ഒരേസമയം മലക്കറിയും പഴവും ആണ്. അതിനാൽ പപ്പായപ്പഴം താല്പര്യമില്ലാത്തവർക്ക് പച്ചപപ്പായ കറിവെച്ച് കഴിക്കാം. ജീവകം സി ഒഴികെ ഏതാണ്ടെല്ലാ പോഷകങ്ങളും കറിവെച്ച് കഴിക്കുന്നതിലൂടെ ലഭ്യമാണ്. ഇതുപയോഗിച്ച് അനവധി വിഭവങ്ങൾ ഉണ്ടാക്കാം.
ആഗോള വ്യാപകമായി ഇത് ബേക്കറിയിൽ ഉപയോഗിക്കുന്നു. പഴം കൂടാതെ പപ്പായപ്പൂവ്, പപ്പായ വിത്ത് എന്നിവയും ചില നാടുകളിൽ ഭക്ഷണമായി ഉപയോഗിക്കുന്നു.

ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഗർഭിണികൾ പപ്പായ കഴിക്കുന്നത് അപകടകരം എന്നാണ് കാലങ്ങളായുള്ള പ്രചരണം. വിളയാത്ത പപ്പായ ഗർഭിണികളിൽ ലൈംഗിക ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമായി ഗർഭം അലസാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരമാണ്.
ജന്മനാട് അമേരിക്കയാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ പപ്പായ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പാപ്പായച്ചെടി യാതൊരു പരിചരണമില്ലാതെ വളരും. നിറയ കായ്ക്കുകയും ചെയ്യും. കൃഷിഭൂമിയില്ലാത്തവർക്ക് വലിയ പാത്രങ്ങളിലോ ഗ്രോ ബാഗുകളിലോ വരെ വളർത്താവുന്നതാണ്.
കരിക പപ്പായ (Carica papaya) ഉൾപ്പെടെ ഏതാണ്ട് 21 വോളം പപ്പായ ഇനങ്ങളുണ്ട്. കാരിക്കേസി (caricaceae) ആണ് കുടുംബം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: