KeralaNEWS

കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക്  എത്ര ദൂരം വേണമെങ്കിലും ഇന്ന് സ്ത്രീകൾക്ക് യാത്ര ചെയ്യാം, കണ്ണൂരിൽ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം

   വനിതാ ദിനമായ ഇന്ന് (ബുധൻ) സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. കണ്ണൂരിൽ സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തലശ്ശേരി പൈതൃക ടൂറിസവും.

ഡി.ടി.പി.സിയുടെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ, പാലക്കയംതട്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച് ടൂറിസം സെന്റര്‍ എന്നിവിടങ്ങളിലെ പ്രവേശനം അന്തര്‍ദേശീയ വനിതാ ദിനമായ ബുധനാഴ്ച വനിതകള്‍ക്ക് സൗജന്യമായിരിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ കീഴിലുള്ള ഓവര്‍ബറീസ് ഫോളി, സീവ്യൂ പാര്‍ക്ക്, ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിങ് മ്യൂസിയം എന്നിവിടങ്ങളിലേയ്ക്കും വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കൊച്ചി മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.15-ന് കെ.എം.ആർ.എൽ, എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയിൽ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ ഇന്ന് ഉച്ചയ്ക്ക് 12-ന് കലൂർ മെട്രോ സ്റ്റേഷനിൽ ആദരിക്കും.

Back to top button
error: