LIFEMovie

റോക്കി ഭായിയെ അധിക്ഷേപിച്ചു; തെലുങ്ക് സിനിമാ സംവിധായകനെതിരേ സൈബര്‍ ആക്രമണം! കർണാടകയിൽ വെങ്കിടേഷ് മഹായുടെ ചിത്രങ്ങൾ നിരോധിക്കുമെന്ന് ഭീഷണി

ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകൻ കെജിഎഫ് 2 സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു യൂട്യൂബ് റൗണ്ട് ടേബിൾ അഭിമുഖത്തിലാണ് തെലുങ്ക് സംവിധായകനായ വെങ്കിടേഷ് മഹാ കെജിഎഫ് 2 എന്ന പടത്തിനെക്കുറിച്ച് തമാശ പറഞ്ഞത്, ഇതിൽ യാഷ് അഭിനയിച്ച നായക കഥാപാത്രത്തെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കന്നഡ പ്രേക്ഷകർ ട്വിറ്ററിലും മറ്റും സംവിധായകനെതിരെ തിരിഞ്ഞിട്ടുണ്ട്.

നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ​​ആത്രേയ എന്നീ സംവിധായകരും ജേർണലിസ്റ്റ് പ്രേമയുടെ ഈ റൌണ്ട് ടേബിളിൽ പങ്കെടുത്തു. ഏറെ നിരൂപ പ്രശംസ നേടിയ C/o കഞ്ചരപാലം എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് വെങ്കിടേഷ് മഹാ. തുടർന്ന് മലയാളത്തിൽ വൻ ഹിറ്റായ മഹേഷിൻറെ പ്രതികാരം ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിൽ എടുത്തതും ഇദ്ദേഹമാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് ഒരു തമാശ പറയുകയായിരുന്നു ഈ ചർച്ചയിൽ. ചിത്രത്തിൻറെ പേര് താൻ പറയുന്നില്ലെന്ന് പറഞ്ഞാണ് വെങ്കിടേഷ് മഹാ തുടങ്ങുന്നത്. എന്നാൽ തുടങ്ങിയപ്പോൾ തന്നെ ഒപ്പമുള്ള സംവിധായകർ അത് കെജിഎഫ് ആണെന്ന് പറയുന്നുണ്ട്.

Signature-ad

സമ്പത്തുണ്ടാക്കുന്ന നായകൻറെ അമ്മ നായകനെ പ്രേരിപ്പിക്കുന്നു. അതിന് വേണ്ടി അവൻ ഒരു ചൂഷകനാകുന്നു. ഇത് പറഞ്ഞ് വെങ്കിടേഷ് മഹാ ഒരു മോശം വാക്ക് ഉപയോഗിച്ച് നായക കഥാപാത്രത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. കെജിഎഫ് സിനിമ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും സംവിധായകൻ പറയുന്നുണ്ട്. അമ്മ മകനെ ചൂഷകനാക്കി, സാധാരണക്കാരായ മനുഷ്യരെ ഉപയോഗിച്ച് സ്വർണ്ണം എല്ലാം കുഴിച്ചെടുത്ത് അതിനൊപ്പം കടലിൽ മുങ്ങുന്നു. അതിന് അവനെ സഹായിച്ച സാധാരണക്കാരന് ഒന്നും ലഭിക്കുന്നില്ല സംവിധായകൻ പറയുന്നു.

കെജിഎഫിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമല്ല മറിച്ച് അദ്ദേഹം അത് പ്രകടിപ്പിക്കുന്ന രീതിയും ഉപയോഗിച്ച ഭാഷയുമാണ് പ്രശ്നം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. ഒരു സംവിധായകനെന്ന നിലയിൽ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചതിന് നിരവധി ആരാധകർ മഹായെ പിന്തുണയ്ക്കുമ്പോൾ, വിവാദ പരാമർശത്തിന് യാഷിനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരോധിക്കുമെന്ന് പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അധിക്ഷേപം ചൊരിയുന്ന വാക്ക് ഉപയോഗിച്ചതാണ് സംവിധായകന് പണിയായത്.

Back to top button
error: