LIFEMovie

പിതാമ​ക​ന്റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കുപോലും പണമില്ലാതെ കഷ്ടപ്പെടുന്നു… ഒടുവിൽ സഹായവുമായി ഓടിയെത്തി ‘നടിപ്പിൻ നായകൻ’

ചെന്നൈ: തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് ഒടുവില്‍ സാമ്പത്തികമായി തകര്‍ന്ന് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്നു വിഎ ദുരെയാണ് സിനിമകള്‍ നല്‍കിയ നഷ്ടത്തില്‍ കഷ്ടപ്പാടിന്‍റെ കയത്തിലായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. ചികില്‍സയ്ക്ക് പോലും പണമില്ല.

ദുരെയുടെ അവസ്ഥ അടുത്തിടെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരെ. അദ്ദേഹത്തിന്‍റെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രീതിയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹം എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍ ഒരുക്കിയത്. ഇതില്‍ പിതാമ​കൻ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. സൂര്യയും വിക്രവും അഭിനയിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പിതാമകന്‍ തീയറ്ററിലും മികച്ച കളക്ഷന്‍ നേടിയിരുന്നു.

അതേ സമയം 2003ല്‍ സംവിധായകന്‍ ബാലയ്ക്ക് പുതിയ സിനിമ ചെയ്യാന്‍ ദുരെ അഡ്വാന്‍സ് നല്‍കി. 25 ലക്ഷമാണ് ദുരെ നല്‍കിയത്. എന്നാല്‍ ആ ചിത്രം നടന്നില്ല. എന്നാല്‍ ബാല ഈ തുക തിരിച്ചു നല്‍കിയില്ല. പിന്നീട് 2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ദുരെയുടെ അവസ്ഥ വിവരിച്ചുള്ള വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധിച്ച നടന്‍ സൂര്യ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. തന്‍റെ ചിത്രം പിതാമകന്‍റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കായി സൂര്യ രണ്ട് ലക്ഷം നല്‍കി. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ പ്രധാന ആരോഗ്യ പ്രശ്നം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: