കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസം മുരളീധരനാണ് പരുക്കേറ്റത്.
കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപോത്ത് ഒരാഴ്ചയായി മേഖലയില്‍ തുടരുകയാണെന്നും വിവരം അറിയിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വനം വകുപ്പ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ തുടങ്ങാനിരിക്കുകയാണ് നാട്ടുകാര്‍.
അതേസമയം, ഇന്നലെ രാവിലെ കോതമംഗലത്തും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. വെളളാരംകുത്തില്‍നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.