അതു ‘വേ’ ഇതു ‘റേ’… ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍
കൊച്ചി: ബാങ്ക് തട്ടിപ്പില്‍ താന്‍ ഇരയായതായി കാട്ടി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് നടി ശ്വേത മേനോന്‍. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും അവര്‍ക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍.
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നു കാട്ടിയാണ് നടിയുടെ ചിത്രം ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് പലര്‍ക്കും ലക്ഷങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ‘ശ്വേത മേമന്‍’ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാര്‍ത്തകളില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയതെന്നാണ് വിവരം.
കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരില്‍ പലരും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്വേഡ്, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാല്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.