Social MediaTRENDING

നീതിക്കുവേണ്ടി ഭരണഘടനയില്‍ അഭയം പ്രാപിക്കുന്നു; രണ്ടാമതും വിവാഹത്തിനൊരുങ്ങി ‘ഷുക്കൂര്‍ വക്കീല്‍’

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂര്‍. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിക്കുന്നത്. മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

‘ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ലെന്ന് ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.’ അദ്ദേഹം എഴുതി.

1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അഥവാ തഹസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെയെന്ന് ഷുക്കൂര്‍ വക്കീല്‍ പറയുന്നു.

‘ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി? അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?’ അദ്ദേഹം ചോദിക്കുന്നു

‘നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്‌പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.’ ഷുക്കൂര്‍ വക്കീലിന്റെ വാക്കുകള്‍. 1994 ഒക്ടോബര്‍ 6നായിരുന്നു ഷുക്കൂര്‍ വക്കീലും ഷീനയും വിവാഹിതരായത്. പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകളാണ് പി.എ. ഷീന. അന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു തങ്ങളുടെ നിക്കാഹെന്ന് ഷുക്കൂര്‍ വക്കീല്‍ ഓര്‍മിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: