കോട്ടയം: അയർക്കുന്നത്ത് ബിഎസ്പി പ്രാദേശിക നേതാവിന്റെ കൊലപാതകം മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നെന്നു സൂചന. തലയ്ക്ക് ഹെൽമറ്റ് ഉപയോഗിച്ചേറ്റ അടിയും, വയറിലേറ്റ കുത്തുമാണ് മരണ കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായ ലാലു, സിബി എന്നിവരെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ആർ.മധു കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് അയർക്കുന്നം വന്നല്ലൂർക്കര കോളനിയിൽ ഷൈജു ഇലവുങ്കലിനെ (49) പ്രദേശത്തെ മറ്റൊരു വീടിനു സമീപത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും ചോദ്യം ചെയതിൽ നിന്നും കുറ്റം സമ്മതിച്ചതായാണ് സൂചന. ശനിയാഴ്ച രാത്രി 11 മണിയ്ക്കു ശേഷമാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് ലാലുവിന്റെ വീട്. ലാലുവിന്റെ വീടിന് സമീപത്തു കൂടി ഷൈജുവിന്റെ വീട്ടിലേയ്ക്കു പോകാം. അയർക്കുന്നത്ത് പോസ്റ്റർ ഒട്ടിച്ച ശേഷം ഷൈജു വീട്ടിലേയ്ക്കു മടങ്ങിയത് ഈ ഇടവഴിയിലൂടെയാണ് എന്നു പൊലീസ് പറയുന്നു. ഇതിനിടെ പ്രദേശത്ത് നിന്ന് മദ്യപിക്കുകയായിരുന്ന ലാലുവും, സിബിയും ഷൈജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. നേരത്തെ തന്നെ ലാലുവും, സിബിയും ഷൈജുവും തമ്മിൽ മുൻ വൈരാഗ്യം നില നിന്നിരുന്നു. ഇത് പറഞ്ഞാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
തർക്കത്തിനിടെ സിബിയും, ലാലുവും ചേർന്ന് ഷൈജുവിനെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയും, കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. കുത്തേറ്റ ശേഷം ഷൈജുവിന്റെ മരണം ഉറപ്പാക്കിയ പ്രതികൾ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപം ഷൈജുവിനെ ഉപേക്ഷിച്ചതായും സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് രക്തം വാർന്നൊഴുകി കിടക്കുകയായിരുന്നു.
ഇരുവരെയും ചോദ്യം ചെയ്ത ശേഷം മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തണം. ഇതിനു ശേഷം മാത്രമേ രണ്ടു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തു. ആക്രമിക്കാൻ ഉപയോഗിച്ച ഹെൽമറ്റും, കുത്താൻ ഉപയോഗിച്ച ആയുധവും തുടർ അന്വേഷണത്തിൽ വേണം കണ്ടെത്താൻ. മരണ കാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകൂ.