വാഷിങ്ടണ്‍: പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസ്സുകാരിയെ വെറുതെവിട്ട് പോലീസും കോടതിയും. ആന്‍ഡ്രിയ സെറാനോ എന്ന യുവതിയാണ് 13 വയസ്സുകാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ വര്‍ഷം യുഎസിലെ കൊളറാഡോയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നതടക്കമുള്ള കുറ്റം യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നു.
ചെയ്ത കുറ്റം ഇല്ലെന്ന് സ്ഥാപിക്കുന്നില്ല, പക്ഷേ ഇവരെ ജയിലില്‍ ഇടരുതെന്നായിരുന്നു സെറാനോയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ അമ്മ ഈ കോടതി ഉത്തരവ് അംഗീകരിക്കാനാവുന്നതല്ലെന്ന് പ്രതികരിച്ച് രംഗത്തെത്തി.
”എന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത്. അവന്‍ ഈ ചെറിയ പ്രായത്തില്‍ ഒരു അച്ഛനായിരിക്കുന്നു. അവന്‍ ഒരു ഇരയാണ്, ജീവിതകാലം മുഴുവന്‍ അതങ്ങനെ തന്നെയായിരിക്കില്ലേ? പീഡിപ്പിക്കപ്പെട്ടത് ഒരു ചെറിയ പെണ്‍കുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നെങ്കിലോ? അപ്പോള്‍ സാഹചര്യങ്ങള്‍ മാറിമറിയില്ലായിരുന്നോ? ഇരയാക്കപ്പെട്ടത് ഒരു പെണ്‍കുട്ടി അല്ല എന്ന കാരണത്താലാണ് എന്റെ മകന് നീതി നിഷേധിക്കപ്പെട്ടത്” എന്നായിരുന്നു ആണ്‍കുട്ടിയുടെ അമ്മ വൈകാരികമായി പ്രതികരിച്ചത്.
കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആന്‍ഡ്രിയ സെറാനോ ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുമ്പോഴും അവര്‍ ഒരു സ്ത്രീയല്ലേ എന്ന പരിഗണനയോടെയാണ് മറ്റൊരു വിഭാഗം മുന്നോട്ടുവരുന്നത്.