LocalNEWS

ഇസ്രയേല്‍ അഗ്രിക്കള്‍ച്ചറല്‍ അറ്റാഷേ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണി സന്ദര്‍ശിച്ചു

കൊച്ചി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലെ അഗ്രിക്കൾച്ചറൽ അറ്റാഷെ യായർ എഷേൽ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാർഷിക മൊത്ത വ്യാപാര വിപണി സന്ദർശിച്ചു. ഇൻഡോ- ഇസ്രായേൽ അഗ്രിക്കൾച്ചറൽ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

ഇന്ത്യ-ഇസ്രായേൽ സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചുവരുന്ന സെന്റർ ഓഫ് എക്‌സലൻസ് പ്രോജെക്ടിനെക്കുറിച്ച് അറ്റാഷെ വിശദീകരിച്ചു. പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ നഴ്‌സറികൾ, വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശന തോട്ടങ്ങൾ, ഗ്രീൻ ഹൗസുകൾ, ജലസേചന, ഫെർട്ടിഗേഷൻ മാർഗങ്ങൾ, സുസ്ഥിര കൃഷി രീതികൾ തുടങ്ങി വിളവെടുപ്പിനു ശേഷമുള്ള പരിപാലന മുറകൾ, സംസ്‌കരണ സാധ്യതകൾ എന്നിവയും ഈ മികവിന്റെ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അറ്റാഷെ പറഞ്ഞു.

കേരളത്തിന്റെ തനത് കാർഷികരീതികളിൽ മാറ്റം വരുത്താതെ ഇസ്രയേൽ സാങ്കേതിക വിദ്യകൾ ഇവിടത്തെ കാർഷിക രീതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യകൾ ഇസ്രായേൽ ഗവൺമെന്റിൽ നിന്നും സാമ്പത്തിക സ്രോതസുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ കർഷകർക്ക് ഉല്പാദനോപാധികൾ ലഭ്യമാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യകൾ മാർഗ്ഗ രേഖയായി സ്വീകരിച്ചു കൃഷി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മരട് കാർഷിക മൊത്ത വ്യാപാര വിപണിയുടെ കീഴിലുള്ള വിവിധ പ്രദേശങ്ങൾ, മണ്ണ് പരിശോധനാ, അഗ്മാർക്ക് ലാബുകൾ എന്നിവയും അറ്റാഷെയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇസ്രായേൽ ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേഷൻ പ്രൊജക്റ്റ് ഓഫീസർ ബ്രഹ്മദേവ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, മരട് മാർക്കറ്റ് സെക്രട്ടറി ടി.ചിത്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, മാർക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി ചിത്ര.കെ.പിള്ള തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

പിറവം പാഴൂരിൽ പ്രവർത്തിക്കുന്ന ലീനാസ് കൂൺ ഉദ്പാദനകേന്ദ്രവും സംഘം സന്ദർശിച്ചു. കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയുടെ ധന സഹായത്തോടെ ആരംഭിച്ച ഹൈടെക് കൂൺ കൃഷി ഫാമാണിത്. 4000 ചതുശ്ര അടി വിസ്തീർണമുള്ള ഫാമിന്റെ പ്രതിദിന ഉൽപാദനം 100 മുതൽ 125 കിലോയാണ്. മാസത്തിൽ മൂന്നു ടൺ കൂൺ വിത്ത് ഉല്പാദിപ്പിക്കാനുള്ള ലാബ് സൗകര്യവും ഇവിടെയുണ്ട്. കൂൺകൃഷി വിപുലമാക്കാനാവശ്യമായ ഇസ്രായേൽ സാങ്കേതിക വിദ്യ വാഗ്ദാനം നൽകിയാണ് സംഘം മടങ്ങിയത്. പിറവം മുൻസിപ്പൽ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വാർഡ് കൗൺസിലർ സഞ്ജിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി.സീന, കൃഷി ഓഫീസർ ചന്ദന അശോക് എന്നിവർ പങ്കെടുത്തു.

രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ ഫാമും അറ്റാഷേ സന്ദർശിച്ചു. ഫാമിന്റെ ദൈനംദിന കാർഷിക പ്രവർത്തികൾ ഫാം സൂപ്രണ്ട് ലിസിമോൾ ജെ വടക്കൂട്ട് വിശദീകരിച്ചു. സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഫാമിൽ നീല അമരിയുടെ തൈ അറ്റാഷെ നട്ടു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ പങ്കെടുത്തു. ഇന്ത്യയിലെ മുപ്പതോളം സെൻട്രൽ ഓഫ് എക്‌സലൻസ് കേന്ദ്രങ്ങൾ 13 സംസ്ഥാനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. കേരളമുൾപ്പടെ എട്ട് സംസ്ഥാനങ്ങളിലായി 15 കേന്ദ്രങ്ങൾകൂടി പുതുതായി ആരംഭിക്കും. ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനാവശ്യമായ സ്ഥല ലഭ്യത, കാലാവസ്ഥ, മണ്ണിന്റെ ഘടന, കൃഷിരീതികൾ എന്നിവ നേരിൽ കണ്ടു മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറ്റാഷെയും സംഘവും സന്ദർശനം നടത്തിയത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: