KeralaNEWS

ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധം; ആലപ്പുഴ സി.പി.എമ്മില്‍ കൂട്ടരാജി

ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു. ഇത് ‘അന്തര്‍ധാര’യുടെ ഭാഗമാണെന്നാണെന്നും ഇവര്‍ ആരോപിച്ചു.

Signature-ad

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആര്‍. നാസറിനും നേരിട്ട് രാജിക്കത്ത് കൈമാറി.

ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ പരാതി നല്‍കിയിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. എസ്.ഡി.പി.ഐക്ക് കുടപിടിക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഉടന്‍ നടപടി, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് തങ്ങളുടെ രാജി സ്വീകരിക്കണം എന്നാണ് കത്ത് നല്‍കിയവരുടെ ആവശ്യം. വര്‍ഗ ബഹുജന സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയിലെ നേതാക്കളടക്കമാണ് രാജി നല്‍കിയിരിക്കുന്നത്.

Back to top button
error: