KeralaNEWS

പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി ലക്ഷണം; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

തൃശൂര്‍: അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഡിഎംഒയുടെ ഉത്തരവ്. പാര്‍ക്കില്‍ ജലവിനോദങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വിമ്മിങ് പൂളുകള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാണ് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. പനങ്ങാട് സ്‌കൂളിലെ സമപ്രായക്കാരായ 25 ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചത്. പനങ്ങാട് സ്‌കൂളില്‍ നിന്നും 5 ബസ്സുകളിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

മറ്റു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അനേഷണം ആരംഭിച്ചു. പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ കണ്ടതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘം പാര്‍ക്കില്‍ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാന്‍ ഉത്തരവിട്ടത്.

 

Back to top button
error: