എടുത്തുവളര്‍ത്തിയത് നായ്ക്കുട്ടിയെ; ടിബറ്റന്‍ മാസ്റ്റിഫ് വളര്‍ന്നപ്പോള്‍ കരടി!!!
ബെയ്ജിങ്: എടുത്തുവളര്‍ത്തിയ നായ്ക്കുട്ടി ‘നായ’യല്ലെന്ന് വീട്ടുകാര്‍ തിരച്ചറിഞ്ഞത് രണ്ട് വര്‍ഷം കഴിഞ്ഞ്. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. യുന്‍ എന്ന വനിതയും കുടുംബവും 2016 ലാണ് നായയാണെന്ന് കരുതി ഒരു മൃഗത്തിനെ എടുത്തുവളര്‍ത്തിയത്. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം മൃഗം വളര്‍ന്നപ്പോള്‍ ഭാരം 250 പൗണ്ടായി (ഏകദേശം 114 കിലോഗ്രാം) വര്‍ധിച്ചു, കൂടാതെ രണ്ട് കാലില്‍ നടക്കാനും തുടങ്ങി. ഇതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒടുവിലാണ് നായയാണെന്ന് കരുതി വളര്‍ത്തിയത് വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ കരടിയെയാണെന്ന്
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയുടെ ഇനവും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചത്. കരടിക്ക് 400 പൗണ്ടിലധികം (ഏകദേശം 182 കിലോഗ്രാം) ഭാരവും ഒരു മീറ്റര്‍ (3 അടി) ഉയരവുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കരടിയെ പിന്നാലെ യുനാന്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ സെന്ററില്‍ എത്തിക്കുകയായിരുന്നു. 2018 ലാണ് കരടിയെ വനം വകുപ്പ് അധികൃതര്‍ ഏറ്റെടുക്കുന്നത്. അതേ വര്‍ഷം തന്നെ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും അടുത്തിടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു.