IndiaNEWS

കേരളത്തിലേക്ക് മടങ്ങാന്‍ അനുവാദം വേണമെന്ന് മദനി സുപ്രീംകോടതിയില്‍, താൻ ഗുരുതര ആരോഗ്യസ്ഥിതിയിൽ എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശവും

    ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും അപേക്ഷയിലുണ്ട്. ആരോഗ്യനില മോശമാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്.

പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ബെംഗളുരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക പ്രയാസമാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മദനിക്കായി ഹരജി സമര്‍പ്പിച്ചത്.

Signature-ad

ഇതിനിടെ മദനിയുടെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് താനെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദ സന്ദേശം. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇടത്തേ കണ്ണിന്റെ മുകൾ ഭാഗം മുതൽ താഴെ പല്ലുകളും താടിയെല്ലിലുമെല്ലാം അതികഠിനമായ വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വൃക്കയുടെ സ്ഥിതി ഗുരുതരമായതിനാൽ ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ കഴിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ, വേദന രൂക്ഷമായതിനെ തുടർന്ന് ആന്റിബയോട്ടിക്കും വേദനാസംഹാരികളും കഴിക്കേണ്ടിവന്നു.

ഇതിനു പിന്നാലെ തുടർച്ചയായി പക്ഷാഘാതലക്ഷണങ്ങളുള്ള അവസ്ഥയുണ്ടായി.എം.ആർ.ഐ റിസൽറ്റിൽനിന്നാണ് നിലവിലെ സ്ഥിതി ഗുരതരമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുകയും ചുരുങ്ങുകയും ചെയ്യുന്ന ഇന്റേണൽ കരോട്ടിഡ് ആർട്ടറി എന്ന പേരിലുള്ള രോഗമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

എത്രയും വേഗം വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇല്ലെങ്കിൽ ശരീരം നിശ്ചലമാകും. എന്നാൽ, ശസ്ത്രക്രിയയ്ക്കു പറ്റിയ അവസ്ഥയിലല്ല വൃക്കയുള്ളത്. അപകടസാധ്യത കൂടുതലുള്ള അവസ്ഥയിലാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും മദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു.

Back to top button
error: