Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസ സമാധാനത്തിലേക്ക്; ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ; ഇസ്രയേല്‍ സേനാ പിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍; ട്രംപും ഈജിപ്റ്റിലെത്തും; ഹമാസ് കീഴടങ്ങുന്നതില്‍ ഇപ്പോഴും അവ്യക്തത

കെയ്‌റോ: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ട്രംപിന്റെ 20 ഇന രൂപരേഖയുടെ ആദ്യഘട്ടത്തിന് അംഗീകാരമായത്.  ഇത് അനുസരിച്ച് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനാപിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍ ഉണ്ടാകും.

നിര്‍ണായക നീക്കത്തിന് സാക്ഷിയാകാന്‍ ഡോണള്‍ഡ് ട്രംപ് ഈജിപ്തില്‍ എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സമാധാനപദ്ധതി ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അടിയന്തര യോഗം ഇന്ന് ചേരും.  സമാധാനം യാഥാര്‍ഥ്യമാക്കാന്‍ ട്രംപിന്റെ ഇടപെടലുകള്‍ക്ക്  ഇസ്രയേല്‍ പ്രധാനമന്ത്രി  ബെന്യാമിന്‍ നെതന്യാഹു നന്ദി അറിയിച്ചു.

Signature-ad

വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍  ഇസ്രയേൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ട്രംപും മധ്യസ്ഥ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 20ഇന പദ്ധതിയില്‍ യുദ്ധാനന്തര ഗാസയിലെ ഭരണസംവിധാനം, പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഭാവി തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി ഇസ്രയേല്‍ രംഗത്തുവന്നിരുന്നു. ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ് കരാറിലെ ആദ്യത്തെ ഘട്ടം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ മറ്റു സൈനിക ഉന്നതരുമായി ചര്‍ച്ച നടത്തി.

ഇതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ സമീര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ചയും ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ പൂര്‍ണ സന്നദ്ധത ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഗാസയിലെ ബോംബിംഗ് നിര്‍ത്തിവയ്ക്കാനും ബന്ദികള്‍ക്കു സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്.

അപ്പോഴും, താത്കാലികമായ സൈനിക നടപടി നിര്‍ത്തിവയ്ക്കല്‍ ഹമാസിന്റെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുമെന്നും ആരും ഒഴിഞ്ഞുപോയ ഇടങ്ങളിലേക്കു മടങ്ങിയെത്തരുതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഐഡിഎഫ് ഇപ്പോഴും ഗാസയെ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്കു നീക്കവും നിര്‍ത്തിവച്ചിട്ടില്ല. ബോംബിംഗും മറ്റു നടപടികളും നിര്‍ത്തിയത് താത്കാലികം മാത്രമാണ്. ഇപ്പോഴും ഗാസ അപകടരമായ പോരാട്ട ഭൂമിയാണെന്നും ഐഡിഎഫ് അറബിക് ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസിന്റെ നിലപാട് ആശാവഹമാണെന്നും ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നെന്നും ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്നുമാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടത്.

താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍’ തയ്യാറാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ് പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് തുടരുകയാണ്.

സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.’ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ‘പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും.’ നെതന്യാഹു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: