കരൂര്‍ ദുരന്തത്തിന്റെ 11-ാം നാള്‍; സംഭവസ്ഥലത്ത് നിന്നും നീക്കിയത് 450 കിലോ ചെരുപ്പുകള്‍; ബിജെപിയിലേക്ക് വിജയ് കൂടുതല്‍ അടുക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍; കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി എഐഎഡിഎംകെയും ബിജെപിയും

കരൂര്‍ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മപ്പെടുത്തലാണ് ചിതറിക്കിടക്കുന്ന നൂറുകണക്കിന് ചെരുപ്പുകള്‍. 11 ദിവസത്തിന് ശേഷം അവയെല്ലാം ദുരന്തസ്ഥലത്ത് നിന്ന് മാറ്റി. 41 ജീവനുകള്‍ കവര്‍ന്ന ദുരന്തത്തിന്‍റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല തമിഴ്നാട്ടില്‍.
സെപ്തംബര്‍ 27. പ്രിയപ്പെട്ട നേതാവിനെ, പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു വേലുസാമിപുരത്ത് എത്തിയ ഓരോരുത്തരും. കാത്തിരുന്നത് പക്ഷേ ഒരിക്കലും മറക്കാനാകാത്ത ദുരന്തം. കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാവ് ആശുപത്രിയില്‍ പോലും സന്ദര്‍ശനം നടത്താതെ ചെന്നൈയിലേക്ക് മടങ്ങി. ദുരന്തത്തിന്‍റെ നേര്‍ ചിത്രം തുറന്ന് കാട്ടി അനാഥമായ നൂറുകണക്കിന് ചെരുപ്പുകള്‍. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ ആരെല്ലാമോ ബാക്കിവച്ചവ.
11 ദിവസത്തിന് ശേഷം ഈ ചെരുപ്പുകളെല്ലാം നീക്കം ചെയ്തു. എസ്ഐടി സംഘമടക്കമുള്ളവരുടെ പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 450 കിലോ ചെരുപ്പുകളാണ് മുനിസിപ്പാലിറ്റിയുടെ ശുചീകരണത്തൊഴിലാളികള്‍ നീക്കിയത്. അന്വേഷണം പൂര്‍ത്തിയാക്കും വരെ ഇവ സുരക്ഷിതമായി സൂക്ഷിക്കും.
പ്രവര്‍ത്തകര്‍ കയറി മേല്‍ക്കൂരയെല്ലാം കേടുവന്നതോടെ വിജയ് നഷ്ടപരിഹാരം നല്‍കണമെന്ന് കടയുടമകള്‍ ആവശ്യപ്പെട്ടു. വേലുസാമിപുരം സാധാരണനിലയിലേക്ക് ഏതാണ്ട് പൂര്‍ണമായും മടങ്ങിക്കഴിഞ്ഞു. പക്ഷേ കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരെ പിരിഞ്ഞ വേദന ഉറ്റവര്‍ക്കുള്ളില്‍ അണയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്.
അതേസമയം, കരൂരിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയില്‍ അയച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്. ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവര്‍ക്ക് സഹായം നല്‍കണമെന്നുമാണ് ആവശ്യം. നേരത്തെ, കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വിഡിയോ കോളിലൂടെ വിജയ് സംസാരിച്ചിരുന്നു.
അതിനിടെ എന്‍ഡിഎയിലേക്ക് വിജയ് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കി. ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന് വിജയിയോട് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന. പൊങ്കലിനു ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നല്‍കിയ മറുപടി.
വിജയുമായി ചര്‍ച്ചയ്ക്ക് തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ് സഹ-ചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധര്‍ മോഹോളിനെ ബിജെപി നിയോഗിച്ചിട്ടുണ്ട്. ദൗത്യവുമായി കഴിഞ്ഞ ഞായറാഴ്ച മന്ത്രിയെത്തി വിജയ്യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയെങ്കിലും നീക്കം സംസ്ഥാന ഇന്റലിജന്‍സ് മണത്തറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിജയ്യുമായി ഫോണില്‍ സംസാരിച്ചു തൃപ്തിപ്പെടേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്.






