NEWSSports

ശ്രീകണ്ഠീരവയില്‍ നാടകീയ രംഗങ്ങള്‍; ടീമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് -ബംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍, ബംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലി തര്‍ക്കം. പകരക്കാരനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്.

തര്‍ക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു ഐഎസ്എല്‍ സെമിയിലെത്തി.

സംഭവിച്ചതെന്ത്?

എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിനു തിരികൊളുത്തിയത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിലും നിര്‍ണായക പൊസിഷനില്‍ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കവെ, കിക്കെടുക്കാന്‍ നിന്ന ബംഗളൂരു താരം സുനില്‍ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു.

ഈ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍സിങ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബോക്‌സിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്.

തര്‍ക്കം, ബഹിഷ്‌കരണം

ആദ്യ അന്തിച്ചുപോയ ബ്ലാസ്റ്റേഴ്‌സ താരങ്ങള്‍, റഫറി ഗോള്‍ അനുവദിച്ചതോടെ കുപിതരായി. ഇതിനിടെ ബംഗളൂരു താരങ്ങള്‍ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗോളാഘോഷത്തിലായിരുന്നു. ഗോള്‍ അനുവദിച്ചതിനെതിരേ ആദ്യം മാച്ച് ഒഫീഷ്യല്‍സിനോടു പരാതിപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച്, അവര്‍ ഇടപെടാന്‍ തയാറാകാതിരുന്നതോടെ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്ലൈനിന് അരികിലെത്തിയ താരങ്ങളുമായി നീണ്ട ചര്‍ച്ച നടത്തിയ പരിശീലകന്‍, പിന്നീട് അവരുമൊത്ത് മൈതാനത്തുനിന്ന് മടങ്ങി.

ഈ സമയമത്രെയും സംഭവിക്കുന്നത് എന്ത് എന്ന് മനസ്സിലാകാതെ അന്തിച്ചുനിന്ന ബംഗളൂരു താരങ്ങള്‍, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതും കാണായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം കെ.പി. രാഹുല്‍ ഇതിനിടെ റഫറിയുമായും തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി.

നിശ്ചിത സമയത്തും സമാസമം

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെയാണ് മത്സരം ഇനി എക്‌സട്രാ ടൈമിലേക്കു നീണ്ടത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്‌സിന്, ലക്ഷ്യം കാണുന്നതില്‍ പിഴച്ചതാണ് വിനയായത്. മറുവശത്ത് ബംഗളൂരുവിനും ചില സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.

പന്തടക്കത്തിലും പാസിങ്ങിലും കേരള ബ്ലാസ്റ്റേഴ്‌സും, ഫൈനല്‍ തേഡിലെ മൂര്‍ച്ചയുള്ള മുന്നേറ്റങ്ങളില്‍ ബംഗളൂരുവും ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയില്‍. ആവേശമേറിയതോടെ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മിലുള്ള ചെറിയ ഉന്തിനും തള്ളിനും ആദ്യപകുതി സാക്ഷ്യം വഹിച്ചു.

 

Back to top button
error: