KeralaNEWS

”മനുഷ്യരുടേതായ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കുമുണ്ടാകാം, പുറത്തുപോയവര്‍ ശത്രുതയോടെ പെരുമാറാറുണ്ട്”

തിരുവനന്തപുരം: ഗുണ്ടകളുടേയും ക്വട്ടേഷന്‍ സംഘങ്ങളുടേയും തണലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധക്കേസില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ടി. സിദ്ദിഖ് എം.എല്‍.എയ്ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെറ്റുചെയ്യുന്നവരെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കുന്നതല്ല തങ്ങളുടെ നിലപാട്. തിരുത്താന്‍ ശ്രമിക്കും. തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ നടപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”പാര്‍ട്ടിയില്‍ വരുന്നവര്‍ എല്ലാ തെറ്റുകള്‍ക്കും അതീതരായവരാണെന്നൊന്നും അവകാശപ്പെടാന്‍ കഴിയില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യര്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ക്കും ചിലപ്പോള്‍ ഉണ്ടായേക്കാം. തെറ്റുകള്‍ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ഒരുതരത്തിലും പൊറുക്കുന്ന നിലപാടും ഞങ്ങള്‍ സ്വീകരിക്കാറില്ല”, മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടിക്ക് പുറത്തുപോയവര്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറാറുണ്ട്. അത് അപൂര്‍വ്വമായി കാണുന്ന രീതിയാണ്. അതില്‍ വല്ലാതെ മനസ്സുഖം അനുഭവിക്കണ്ട. അതൊന്നും തങ്ങളെ അത്രകണ്ട് ബാധിക്കുന്നതല്ല. അതിന്റെ ഭാഗമായി തെറ്റ് ചെയ്തവരെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചേക്കരുത്. ഒരു ചെറിയ ശ്രമം അങ്ങനെ വരുന്നുണ്ടോ എന്ന് സംശയമുണ്ട്. അത് ഗുണം ചെയ്യില്ല. കള്ളക്കടത്തുകാര്, ക്വട്ടേഷന്‍ സംഘം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നവര്‍ എങ്ങനെയാണ് പ്രത്യേക ഘട്ടത്തില്‍ നിങ്ങള്‍ക്ക് പ്രിയങ്കരരാവുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

ദുരൂഹതകളുടേയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടേയും പുകമറ നീക്കിയാല്‍ ഇവിടെ അവതരിപ്പിച്ച പ്രമേയ നോട്ടീസില്‍ കാതലായി ഒന്നുമില്ലെന്ന് വ്യക്തമാവുമെന്നായിരുന്നു ടി. സിദ്ദിഖ് എം.എല്‍.എ. അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

അതേസമയം, സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തവര്‍ ഷുഹൈബ് വധത്തില്‍ സി.ബി.ഐ. വരാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയെ വലിച്ചിട്ടത് ഇപ്പോഴത്തെ പുതിയ സാഹചര്യത്തിലാണോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി പ്രസംഗം ആരംഭിച്ചത്. പ്രതിപക്ഷത്തിന്റെ ഇടയിലുള്ള പുതിയ സാഹചര്യത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ പേരും ഇരിക്കട്ടെ എന്നാണോ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഘട്ടത്തില്‍ എന്തിനാണ് അദ്ദേഹത്തെ വലിച്ചിഴച്ചതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഞാന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: