KeralaNEWS

തില്ലങ്കേരിയിലേത് കൊലപാതകിയും ചെയ്യിച്ചവരും തമ്മിലുള്ള പുതിയ പോരാട്ടം; നിയമസഭയില്‍ ടി. സിദ്ദിഖ്

തിരുവനന്തപുരം: ചരിത്രപരമായ സമരങ്ങള്‍ക്ക് വേദിയായ തില്ലങ്കേരിയില്‍ ഇപ്പോള്‍ നടക്കുന്നത് കൊലചെയ്തവനും ചെയ്യിച്ചവരും തമ്മിലുള്ള പുതിയ പോരാട്ടമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്കിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസിലാണ് സിദ്ദിഖ് ആരോപണം ഉന്നയിച്ചത്.

ഷുഹൈബിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ അയച്ചവരെക്കുറിച്ച് കൃത്യത എല്ലാവര്‍ക്കുമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. കൊന്നത് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമാണെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി. അനുവദിച്ച സമയത്തിന് പുറത്തും പ്രസംഗം തുടര്‍ന്നതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. അതേസമയം, മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോഴും അദ്ദേഹം പ്രസംഗം തുടര്‍ന്നു.

”കേസിലെ പ്രതികളെ ഏറിയ പങ്കിനേയും പുറത്താക്കിയ പാര്‍ട്ടി കോണ്‍ഗ്രസോ ലീഗോ അല്ല സി.പി.എമ്മാണ്. മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ അച്ഛനെ കൂട്ടി വരണം എന്ന് പറയുന്നത് പോലെ, ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും മുമ്പ് അച്ഛനെ വിളിച്ച് ചര്‍ച്ചചെയ്തവരാണ് ഇവിടെ എഴുന്നേറ്റുനിന്ന് സംസാരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകകാരണം. ഇരുവരും തമ്മില്‍ യാതൊരു വൈരാഗ്യവുമില്ല’, സിദ്ദിഖ് സഭയില്‍ പറഞ്ഞു. തുടര്‍ന്ന് ആകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സിദ്ദിഖ് സഭയില്‍ വായിച്ചു.

പ്രതികള്‍ക്കും സര്‍ക്കാരിനും വേണ്ടി സംസാരിക്കാന്‍ വന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരാണ്. സുപ്രീംകോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകനായി വെച്ചത് ബി.ജെ.പി. സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്ററായി പ്രവര്‍ത്തിച്ച അഭിഭാഷകനെയാണ്. ആകാശ് തില്ലങ്കേരി നിങ്ങളുടെ മടിയിലാണെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് വേണ്ടെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി.

‘ക്വട്ടേഷന്‍ പ്രതികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. ആകാശ് തില്ലങ്കേരിക്ക് കാമുകിയുമായി ആറ് മണിക്കൂര്‍ സല്ലപിക്കാന്‍ ജയിലില്‍ സൗകര്യം ഒരുക്കിക്കൊടുത്തു. പ്രതികളെത്തിയ കാറിന്റെ ഉടമകളെ പ്രതിചേര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചോ? ഷുഹൈബ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടന്നു. മുദ്രാവാക്യത്തിന് നേതൃത്വം കൊടുത്തത് മുന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയും സ്വര്‍ണ്ണകള്ളക്കടത്തിന് കൂട്ടുനിന്നും അതിന്റെ ഓഹരി പറ്റിയും പ്രതികള്‍ക്ക് ട്രോഫി നല്‍കാനും നേതൃത്വം കൊടുക്കുന്നത് സി.പി.എം- ഡി.വൈ.എഫ്.ഐ. നേതൃത്വമാണ്. ഡി.വൈ.എഫ്.ഐ. നേതാവ് ഷാജറാണ് ട്രോഫി കൊടുത്തത്’, സിദ്ദിഖ് പറഞ്ഞു.

മുന്‍ നിയമമന്ത്രി എ.കെ. ബാലന്‍ സമാധാനയോഗത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തുന്നതിന് തങ്ങള്‍ ഒരുക്കമാണെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അത് തുടച്ചുമാറ്റി മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ചു. പ്രതികളെ സംരക്ഷിക്കാനാണ് ഇത് പ്രഖ്യാപിച്ചതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Back to top button
error: