ബംഗളൂരു: നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്ന യുവാവ് പിടിയില്‍. ബംഗളൂരുവിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കാകിനാഡ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. മുരുകേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. യുവതിയുടെ കാമുകന്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയും മറ്റൊരു ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ ജീവനക്കാരനുമായ ദിനകര്‍ ബനാല (28) കൊലക്കുറ്റത്തിന് അറസ്റ്റിലായി.
ഒരേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന സമയത്താണ് ലീലയും ദിനകറും കണ്ടുമുട്ടുന്നത്. അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ദിനകര്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ ലീലയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും അവരുടെ തീരുമാനം അനുസരിക്കുമെന്നും ലീല ദിനകറിനെ അറിയിച്ചു.
ഇന്നലെ വൈകിട്ട് ലീലയുടെ ഓഫീസിന് മുന്നില്‍ ദിനകര്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ആളുകള്‍ നോക്കിനില്‍ക്കെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദിനകര്‍ 16 തവണയോളം യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.