KeralaNEWS

സ്‌ഫോടനം നടന്ന പടക്കനിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കലക്ടര്‍; പ്രവര്‍ത്തിച്ചത് വരാപ്പുഴയിലെ ജനവാസ കേന്ദ്രത്തില്‍

കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജ്. ജയ്സണ്‍ എന്നയാളാണ് പടക്ക നിര്‍മ്മാണ ശാല നടത്തിയിരുന്നത്. ഇയാള്‍ക്ക് പടക്കം വില്‍ക്കാന്‍ ഉള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവില്‍ അനധികൃതമായി പടക്കം വന്‍തോതില്‍ ശേഖരിച്ചു വച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് കരുതുന്നു. തഹസില്‍ദാറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. വിശദമായി അന്വേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്.

പത്തോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പടക്കങ്ങള്‍ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികളുണ്ടാകുന്നുണ്ട്. എസ്തര്‍ (7), എല്‍സ (5), ഇസബെല്‍ (8), ജാന്‍സന്‍ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30) എന്നിവര്‍ക്കാണു സ്‌ഫോടനത്തില്‍ പരുക്കേറ്റത്. ഇവരില്‍ 2 കുട്ടികളുള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 15 വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

Back to top button
error: