മെല്‍ബണ്‍: പ്രശസ്ത ഹോളിവുഡ് നടൻ റസ്സൽ ക്രോയെയും കാമുകി ബ്രിട്നി തെരിയോട്ടിനെയും ഓസ്ട്രേലിയയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി. ന്യൂയോർക്ക് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനായി റെസ്റ്റോറന്റിലേക്ക് എത്തിയ താര ദമ്പതികളെ മെൽബണിലെ മിയാഗി ഫ്യൂഷൻ എന്ന റെസ്റ്റോറന്റാണ് ഇറക്കി വിട്ടത്. മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന പേരിലാണ് ഇവരെ ഇറക്കിവിട്ടത്. ഒരു ടെന്നീസ് മത്സരത്തിന് ശേഷമാണ് ദമ്പതികൾ ഭക്ഷണശാലയില്‍ എത്തിയത്. ടെന്നീസ് കളിക്കുന്ന വേഷത്തിലായിരുന്നു ക്രോയും കാമുകിയും ഉണ്ടായിരുന്നത്. അവരുടെ വേഷവിധാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാർ അവരെ ഭക്ഷണശാലയ്ക്ക് അകത്തേക്ക് ഇവര്‍ കയറുന്നത് വിലക്കി.
കാഷ്വലും ഫാന്‍സിയുമായ വസ്ത്രം മാത്രമാണ് റെസ്റ്റോറന്റില്‍ അനുവദനീയം എന്നാണ് ഇതിന്റെ ഉടമകള്‍ പറയുന്നത്. ഇത് ഭക്ഷണ ശാലയുടെ മുന്നില്‍ എഴുതിവച്ചിട്ടും ഉണ്ട്. അതേ സമയം ക്രോയും കാമുകിയും ജിം വസ്ത്രം ധരിച്ചാണ് എത്തിയത് എന്നാണ് റെസ്റ്റോറന്റിന്റെ ഉടമ ക്രിസ്റ്റ്യൻ ക്ലൈൻ ഡെയ്ലി ഹെറാൾഡിനോട് പറഞ്ഞത്. നേരത്തെ ടാറ്റൂ ചെയ്തതിന്റെ പേരിൽ അമേരിക്കൻ ഗായകൻ പോസ്റ്റ് മലോണിന് ഓസ്ട്രേലിയയിലെ പെർത്തിലെ റൂഫ്ടോപ്പ് ബാറിൽ പ്രവേശനം നിഷേധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹോളിവുഡ് സെലിബ്രിറ്റികൾക്ക് സമാനമായ സംഭവം ഇപ്പോള്‍ വന്നിട്ടുണ്ട്.
ഞങ്ങൾ അതിഥികളോട് ഒരുപോലെ തന്നെയാണ് പെരുമാറുന്നത്. നിങ്ങൾ ആരാണെന്നോ നിങ്ങൾ റസ്സൽ ക്രോ ആണോ എന്നത് ഇവിടെ പ്രശ്നമല്ല. ആരായാലും വ്യക്തമായ ഡ്രസ് കോഡ് വേണം എന്നത് നിര്‍ബന്ധമാണ്’ ക്രിസ്റ്റ്യൻ ക്ലൈൻ പറഞ്ഞു. “ഞങ്ങൾ ആളുകളെ എങ്ങനെ വസ്ത്രം ധരിക്കണമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. ഞാന്‍ ധരിച്ചിരിക്കുന്നത് അനുചിതമായ വസ്ത്രം ആണെങ്കില്‍ ഞാൻ ഒരു നല്ല റെസ്റ്റോറന്റിലേക്ക് ഒരിക്കലും പോകില്ല. ഉചിതമായി വസ്ത്രം ധരിക്കുക. ഗ്ലാഡിയേറ്റർ എന്ന ഇതിഹാസ ചിത്രത്തിലെ നായകനായ റസ്സൽ ക്രോയെ റെസ്റ്റോറന്റിലെ തന്റെ ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നും ഉടമ ഇതിനൊപ്പം വ്യക്തമാക്കി.