KeralaNEWS

പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെ: മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ല: സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സര്‍വസജ്ജമായി നടന്ന കാലത്ത് താന്‍ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഒരു ദിവസം പത്രവാര്‍ത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കില്‍ ഞാന്‍ അതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോള്‍ ആവശ്യം. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആളോട് സ്വാഭാവികമായ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കും. അവര്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞുവെന്നും വരും. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇതിനൊക്കെ മറുപടി പറയേണ്ടത് എന്താ? സുധാകരനോടു ചോദിച്ചാല്‍ മതിയെന്നാ? ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങളെല്ലാം സര്‍വസജ്ജമായി ഇരിക്കുന്ന കാലത്ത്, ഞാന്‍ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടല്ലോ. എല്ലാത്തരത്തിലും. വീട്ടില്‍നിന്ന് പുറത്തിറക്കില്ല എന്നൊക്കെ പറഞ്ഞ കാലത്ത് ഞാന്‍ ഇറങ്ങി നടന്നിട്ടുണ്ടല്ലോ” മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങള്‍ക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനങ്ങളെന്നു ചോദിച്ച അദ്ദേഹം, ഒന്നോ രണ്ടോ പേര്‍ എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും വി.ഡി.സതീശന്‍ ചോദിച്ചു. സുരക്ഷയ്ക്കായി പോലീസ് വാഹനവ്യൂഹം ഒരുക്കുന്നത് തന്റെ നിര്‍ദേശം അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു. അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുമ്പോഴാണ്, തന്റെ സുരക്ഷാ വ്യൂഹവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

Back to top button
error: