കോട്ടയം: കുമരകത്ത് ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിലുള്ള ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തെങ്കര ഭാഗത്ത് മേലേതിൽ വീട്ടിൽ മുഹമ്മദലി മകൻ സഹദ്.എം (26), പാലക്കാട് കൈതച്ചിറ ഭാഗത്ത് തൃക്കുംപറ്റ വീട്ടിൽ മണികണ്ഠൻ മകൻ അനിൽ റ്റി (22) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞയാഴ്ച കുമരകം എക്സ്ചേഞ്ച് പരിധിയിൽ വരുന്ന കുമരകം കവലയ്ക്കൽ പാലത്തിന് ഇരുവശവും സ്ഥാപിച്ചിരുന്ന 360 മീറ്റർ നീളം വരുന്ന പ്ലാസ്റ്റിക് ഇൻസുലേഷനോട് കൂടിയ കോപ്പർ കേബിളുകളും, അത് കവർ ചെയ്യാൻ ഉപയോഗിക്കുന്ന ജി.ഐ പൈപ്പും, കൂടാതെ കുമരകം ജെട്ടി പാലത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന 50 മീറ്ററോളം നീളം വരുന്ന കേബിളുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനക്കൊടുവിൽ ഇരുവരെയും തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇവർ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. പ്രതികളിൽ ഒരാളായ സഹദിന് പാലക്കാട് ജില്ലയിൽ കല്ലടിക്കോട്, മണ്ണാർക്കാട് എന്നീ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി എന്നീ കേസുകൾ നിലവിലുണ്ട്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ സുരേഷ്, മനോജ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ അഭിലാഷ്, രാജു, ജോമി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.