രാജ്യത്തെ ഗതാഗത മേഖലയുടെ സ്വപ്ന പദ്ധതിയായ വന്ദേ ഭാരത് ട്രെയിൻ ഉടൻ കേരളത്തിൽ ഓടുമെന്നും ഇക്കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും റെയിൽവേ പാസഞ്ചേഴ്സ് അമ്‌നിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച കണ്ണൂർ റെയിൽവേ വികസനത്തിലെ പ്രതിസന്ധികൾ എന്ന വിഷയത്തിലെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് മംഗളൂരുവിൽ അവസാനിക്കുന്ന തരത്തിൽ വന്ദേ ഭാരത് ഓടിക്കുക അശാസ്ത്രീയമാണ്. പകരം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും ഓടിക്കാനാണ് തീരുമാനം. ഇതിനായി സിഗ്നൽ സിസ്റ്റം ആധുനികീകരിക്കണം. കേരളത്തിലടക്കം റെയിൽപ്പാളങ്ങളുടെ 85 ശതമാനവും പുനർനിർമിച്ചു. സ്റ്റേഷൻ നവീകരണവും ആരംഭിച്ചു. വിമാനത്താവളം മാതൃകയിൽ എല്ലാ ആധുനികസൗകര്യങ്ങളോടെയുള്ള റെയിൽവേ സ്റ്റേഷൻ നിർമിക്കും. കേരളത്തിൽ കൊല്ലം, എറണാകുളം നോർത്ത്, സൗത്ത് എന്നീ സ്റ്റേഷനുകൾ വിമാനത്താവളത്തിന് സമാനമാക്കും. ഇതിനായി 400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ചേംബർ പ്രസിഡൻറ് ടി.കെ. രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ റെയിൽവേഭൂമി: ആശങ്കയറിയിച്ച് വ്യാപാരികൾ
കണ്ണൂർ റെയിൽവേഭൂമി സ്വകാര്യസ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകിയ നടപടിയിൽ ആശങ്കയറിയിച്ച് വ്യാപാരി വ്യവസായി സമൂഹം. ജില്ലയിലെ ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ വ്യക്തികൾക്ക് റെയിൽവേ ഭൂമി നൽകിയത് ശരിയായില്ലെന്ന് കോർപ്പറേഷൻ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു.
ടിക്കറ്റ് നിരക്ക് ഒരുരൂപ പോലും കൂട്ടാതെ മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനാണ് റെയിൽവേഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് കൃഷ്ണദാസ് വിശദീകരിച്ചു. കണ്ണൂരിൽ ഏഴേക്കർ ഭൂമി പാട്ടത്തിന് നൽകിയതിലൂടെ 30 കോടി രൂപ ലഭിച്ചു. മാസംതോറും വാടകയും ലഭിക്കും. മാത്രമല്ല റെയിൽവേ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും സ്ഥാപനങ്ങളും നിർമിക്കണമെന്ന കരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഈ ഓഗസ്റ്റ് 15നുള്ളിൽ 75 വന്ദേഭാരത് തീവണ്ടികൾ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതിനുശേഷം ഒരുവർഷത്തിനകം 400 വന്ദേ ഭാരത് തീവണ്ടികൾ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേഭാരത് പ്രത്യേകതകള്‍
എല്ലാ കോച്ചുകളിലുമുള്ളത് ചെയര്‍കാര്‍.
കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകള്‍ താനെ അടയും.
ലഗേജ് റാക്കിനൊപ്പം വായിക്കാന്‍ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്.
മോഡുലാര്‍ പാന്‍ട്രി കാര്‍.
എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന.
യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജിങ് സോക്കറ്റുകള്‍.
എല്ലാ കോച്ചുകളിലും സിസിടിവിയും എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനവും.
പൊട്ടിത്തെറി ചെറുക്കുന്നതാണ് കോച്ചുകള്‍. മൂന്നുമണിക്കൂര്‍വരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്.