പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും ഈ സര്‍ക്കാരിനുണ്ടാകില്ല. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍ നിങ്ങള്‍ തന്നെ തയ്യാറാകണമെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തിന്റെയാകെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന്നതിനും പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഭാവി കേരളത്തിന് – സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും ഇത്തരത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ തന്നെ അതില്‍ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. അവര്‍ കരുതുന്നത് തങ്ങള്‍ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാല്‍ വേണ്ട നടപടി എടുക്കാനും അത്ര ബുദ്ധിമുട്ടോ തടസ്സമോ ഇല്ലായെന്നത് അത്തരക്കാര്‍ ഓര്‍ത്താല്‍ നന്ന്. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരികയാണ്.