IndiaNEWS

ഖലിസ്ഥാന്‍ നേതാവിന്റെ അനുയായിയെ അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം

അമൃത്‌സര്‍: ഖലിസ്ഥാന്‍ അനുകൂല സംഘടന ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം. തോക്കും വാളും സഹിതം രണ്ടായിരത്തോളം പേര്‍ ഖലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിനെ ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിന്‍വാങ്ങിയത്. ആറ് േെപാലീസുകാര്‍ക്ക് പരിക്കേറ്റു.

അമൃത്പാലിനും അനുയായികള്‍ക്കും എതിരെ വരീന്ദര്‍ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കഴിഞ്ഞ 16ന് കേസെടുത്തിരുന്നു. ഈ കേസില്‍ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്. അക്രമാസക്തരായ ജനക്കൂട്ടം സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയതിന് പിന്നാലെ, ഇവരെ വിട്ടയ്ക്കുമെന്ന് അമൃത്സര്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. ലവ്പ്രീത് തൂഫന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു എന്നാണ് പോലീസ് വിശദീകരണം.

Signature-ad

കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ മോചിപ്പിക്കണം, എഫ്ഐആറില്‍നിന്ന് ഇവരുടെ പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അമൃത്പാല്‍ സിങ് ആരോപിച്ചിരുന്നു.

”ഒരു മണിക്കൂറിനുള്ളില്‍ കേസ് റദ്ദാക്കിയില്ലെങ്കില്‍, അടുത്തത് എന്തു സംഭവിച്ചാലും ഭരണകൂടത്തിനാകും അതിന്റെ ഉത്തരവാദിത്തം. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ഈ ശക്തിപ്രകടനം ആവശ്യമാണ്”- അദ്ദേഹം പറഞ്ഞു.

ഖലിസ്ഥാന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്.

നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന സ്ഥാപിച്ചത്. കര്‍ഷക സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്നാണ് ദുബായില്‍ ആയിരുന്ന അമൃത്പാല്‍ സിങ് ചുമതലയേറ്റത്.

 

Back to top button
error: