KeralaNEWS

സാങ്കേതിക സർവകലാശാല വി.സി. നിയമനം: ഹൈക്കോടതി വിധിക്കെതിരേ ഹർജി നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ നീക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം. ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വി സി ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്നു താത്കാലിക വിസിയെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ പാനലില്‍ നിന്നും തിടുക്കപ്പെട്ട് ഗവര്‍ണര്‍ നിയമനം നടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കോടതി വിധിക്കെതിരെ ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയാല്‍, വീണ്ടും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങും. സര്‍ക്കാര്‍ നിര്‍ദേശിച്ച പാനലില്‍ നിന്നും പുതിയ വിസിയെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും.

Signature-ad

നിയമോപദേശത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. തടഞ്ഞുവച്ച ബില്ലുകളിൽ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ നേരിട്ടെത്തി ഗവർണർക്ക് വിശദീകരണം നൽകാൻ തീരുമാനിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാരുമായി വീണ്ടുമൊരു ഏറ്റുമുട്ടലിന് ഗവർണർ തയാറായേക്കില്ലെന്നും സൂചനയുണ്ട്.

Back to top button
error: