Movie

ശശികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായക വേഷത്തിലെത്തിയ എം.ഡി രത്നമ്മയുടെ ‘മകൻ എന്റെ മകൻ’ തീയേറ്ററിലെത്തിനെത്തിയിട്ട് 38 വർഷം

സിനിമ ഓർമ്മ

ശശികുമാർ-മമ്മൂട്ടി-രാധിക ടീമിന്റെ ‘മകൻ എന്റെ മകൻ’ പ്രദർശനത്തിനെത്തിയിട്ട് 38 വർഷം. 1985 ഫെബ്രുവരി 22 നാണ് ജൂബിലി ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തത്. കുമാരി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എം.ഡി രത്നമ്മയുടെ നോവലാണ് സിനിമയ്ക്കാധാരം. സലിം ചേർത്തലയുടെ തിരക്കഥ. ഇതേ വർഷം തന്നെയാണ് സലിം ചേർത്തലയുടെ രചനയിൽ ‘അക്കച്ചീടെ കുഞ്ഞുവാവ’ റിലീസായത്. ഭരതന്റെ ‘എന്റെ ഉപാസന’യ്ക്ക് ശേഷം ജൂബിലി നിർമ്മിച്ച ചിത്രമാണ് ‘മകൻ എന്റെ മകൻ.’

Signature-ad

സംശയത്തിന്റെ പുറത്ത് ഭർത്താവിനെ തെറ്റിദ്ധരിക്കുകയും കുടുംബത്തിന്റെ വാക്ക് കേട്ട് സ്വന്തം ജീവിതം കുളം തോണ്ടുകയും ചെയ്‌ത ഒരു സ്ത്രീയുടെ കഥയാണ് ‘മകൻ എന്റെ മകൻ.’ കോളജ് ലക്‌ചറർ ആയ മമ്മൂട്ടി ട്രെയിനിൽ നിന്ന് ഒരു അജ്ഞാത കുഞ്ഞിനെ കണ്ടെത്തുന്നതാണ് കഥയിലെ ആദ്യ വഴിത്തിരിവ്. നിഷ്കളങ്കയായ ഭാര്യ രാധിക ആദ്യം കുഞ്ഞിനെ സ്വന്തമായി വളർത്താമെന്ന് അംഗീകരിച്ചെങ്കിലും അയൽക്കാരുടെയും അമ്മയുടെയും അമ്മാവന്റെയും സംശയമുനകളിൽ വീണ് കുഞ്ഞിനെ തള്ളിപ്പറയുകയാണ്; ഒപ്പം ഭർത്താവിനെയും.

ഭർത്താവിന് തന്നെക്കാൾ കുഞ്ഞിനോടാണ് സ്നേഹമെന്ന് പറഞ്ഞ് സ്വന്തം വീട്ടിൽ പോയ അവൾ വിവാഹമോചനത്തിന് കേസ് കൊടുത്തു. പണ്ട് അവളെ ആഗ്രഹിച്ച പട്ടാളക്കാരനെ (ടി.ജി രവി) വിവാഹം ചെയ്യേണ്ടിയും വന്നു അവൾക്ക്. പട്ടാളക്കാരനാണെങ്കിൽ പ്രതികാരബുദ്ധിയോടെ അവളോട് പെരുമാറാനും തുടങ്ങി. ഭർത്തൃപീഡനം അറിഞ്ഞ നായകൻ വില്ലനെ ഇടിച്ച് പതം വരുത്തി പഴയ ദാമ്പത്യം പുനരാരംഭിക്കുന്നതോടെ കാര്യങ്ങൾ ശുഭമാവുന്നു.

എം.ഡി രത്നമ്മയുടെ കഥകളാണ് ‘അദ്ധ്യായം ഒന്നു മുതൽ’ (സത്യൻ അന്തിക്കാട്), ‘നാളെ ഞങ്ങളുടെ വിവാഹം’ (സാജൻ) എന്നീ ചിത്രങ്ങൾക്ക് പിന്നിൽ. ‘മകൻ എന്റെ മകനി’ൽ പൂവച്ചൽ ഖാദർ-ജോൺസൺ ടീമിന്റെ ഹൃദയസ്പർശിയായ പാട്ടുകളുണ്ടായിരുന്നു (‘ആരോമലേ’, ‘ആരോരുമില്ലാതെ ഏതോ,’ ‘വിധി തീർക്കും വീഥിയിൽ.’)

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: