കേരളത്തില്‍ നിന്നും ഇസ്രായേലില്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കുള്ള തീര്‍ത്ഥ യാത്രയില്‍ ആള്‍ക്കടത്ത് വ്യാപകമാവുന്നു. ഇത് വിനയാകുന്നത് യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ക്ക്.ആഴ്ചകള്‍ക്ക് മുന്‍പ് ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നീ മൂന്ന് രാജ്യങ്ങളിലായി 48 പേര് അടങ്ങുന്ന സംഘം തീര്‍ത്ഥ യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ മറവില്‍ നടന്നത് ആള്‍ക്കടത്താണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പതിനാലോളം പേര് ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നാണ് എമിഗ്രേഷൻ ഡിപ്പാർട്മെന്റ് അധികൃതരിൽ നിന്നും ലഭിക്കുന്ന അറിവ്. 10 മുതല്‍ 12 ദിവസംവരെ നീളുന്ന യാത്രയ്ക്കിടയിലാണ് ഇസ്രായേലില്‍ വെച്ച് ഇവരെ കാണാതായത്. എറണാകുളം കരിമുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ് 48 പേരടങ്ങുന്ന തീര്‍ത്ഥാടകരുടെ യാത്രയൊരുക്കിയത്. തിരുമേനിമാരുടെയും വൈദികരുടെയും നേതൃത്വത്തിലായിരുന്നു യാത്ര.
തീര്‍ത്ഥാടനത്തിന് എന്ന വ്യാജേന ഇസ്രായേലില്‍ എത്തിയവര്‍ ഇന്ത്യയിലേക്ക് തിരിച്ചു കയറാതെ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം ആധുനിക കൃഷിരീതി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച കര്‍ഷക സംഘത്തില്‍ നിന്നും ബിജു കുര്യനെ കാണാതായതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.
ഒളിവില്‍ കഴിയുന്നവര്‍ ആഴ്ചകള്‍ക്ക് ശേഷം അഭയാര്‍ത്ഥി വിസ സംഘടിപ്പിക്കുകയും പിന്നീട് ജോലിയുള്‍പ്പെടെ ഇസ്രായേലില്‍ സ്ഥിര താമസമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കമ്മീഷൻ കൈപ്പറ്റിയുള്ള ഈ ആള്ക്കടത്തുകള്ക്ക് പിന്നില്‍ ഏജന്‍സിയുടെ ഒത്താശകൂടി വ്യക്തമാണ്. ഇത്തരത്തില്‍ ആള്‍ക്കടത്ത് വ്യാപകമായതോടെ ഇന്ത്യയില്‍ നിന്നുമുള്ള യഥാര്‍ത്ഥ തീര്ത്ഥാടകരായവരില് ഭൂരിഭാഗമുള്ളവരുടെയും യാത്രകള്‍ക്ക് വിലക്ക് വീഴുകയാണ്. ഏജന്‍സികള്‍ അപേക്ഷിക്കുന്ന ഗ്രൂപ്പ് വിസയില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലും യുവാക്കളെയാണ് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറയ്ക്കുന്നത്.