ന്യൂഡല്‍ഹി: ആജീവനാന്തം ഇഎസ്‌ഐ പരിരക്ഷ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ആലോചന. ഇത് പഠിക്കുന്നതിനായി ഉപസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി 21,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കാനും ധാരണയായി.
ശമ്പളത്തിന്റെ പരിധി മറികടന്നാലും ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം ഇനി നഷ്ടമാവില്ല. പ്രോവിഡന്റ് ഫണ്ടിന് സമാനമായി ഒരിക്കല്‍ അംഗമായാല്‍ ശമ്പളം പിന്നീട് എത്ര വര്‍ധിച്ചാലും ഇഎസ്‌ഐ ആനുകൂല്യം തുടരും. ശമ്പള പരിധി 25,000 ത്തിന് മുകളിലായാല്‍ നിശ്ചിത തുക അധികമടച്ച് അംഗമായി തുടരുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്‌കരിക്കുക. ഇഎസ്‌ഐ കോര്‍പറേഷന്റെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്‌ഐ ഗുണഭോക്താക്കളുണ്ട്. ശമ്പളം 21,000 രൂപയില്‍ കവിഞ്ഞാല്‍ പിന്നീട് ആനുകൂല്യം ലഭിക്കില്ല. ഈ പരിധി 25,000 രൂപയാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു.
അതേസമയം, ശമ്പള പരിധി ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനം ഒരിക്കല്‍ അംഗങ്ങളായവര്‍ക്ക് എക്കാലവും ആനുകൂല്യം ലഭ്യമാക്കലാണെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കോര്‍പറേഷന്റെ അടുത്ത യോഗത്തില്‍ അംഗീകരിച്ചേക്കും.
ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കു വര്‍ഷം പത്ത് ലക്ഷം രൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക അസുഖങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയില്‍ ചണ്ഡീഗഡില്‍ നടന്ന കോര്‍പറേഷന്‍ യോഗത്തില്‍ അനുമതി നല്‍കി.
ഇതനുസരിച്ച് 30 ലക്ഷം രൂപ വരെ ഇഎസ്‌ഐ കോര്‍പറേഷന്റെ ഡിജിക്കും 50 ലക്ഷം രൂപ വരെ ലേബര്‍ സെക്രട്ടറിക്കും അതില്‍ കൂടുതലായാല്‍ തൊഴില്‍ മന്ത്രിക്കും അംഗീകാരം നല്‍കാം. അംഗങ്ങള്‍ക്ക് വാട്സ്ആപ്പിലൂടെ വിവരങ്ങള്‍ നല്‍കാനും ടെലി മെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കാനും തീരുമാനമായി. കോര്‍പറേഷനിലെ കരാര്‍ തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും.
രാജ്യത്ത് 160 ഇഎസ്‌ഐ ആശുപത്രികളുണ്ട്. ഇതില്‍ 51 ആശുപത്രികള്‍ കോര്‍പറേഷന്‍ നേരിട്ടും ബാക്കി ഇഎസ്‌ഐ പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങളുമാണ് നടത്തുന്നത്. കേരളത്തില്‍ ഇവ യഥാക്രമം മൂന്നും ഒന്‍പതുമാണ്. രാജ്യത്തെ മുഴുവന്‍ ഇഎസ്‌ഐ സ്ഥാപനങ്ങളിലും ഈ മാസം 24 മുതല്‍ അടുത്ത മാസം പത്ത് വരെ ഗുണഭോക്താക്കളുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്താനും തീരുമാനമായി.